തിരുവനന്തപുരം: സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ കെ-ഫോണിന്റെ ഉദ്ഘാടനം കെങ്കേമമാക്കാൻ സർക്കാർ. ജൂൺ അഞ്ചിന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻതമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനംചെയ്യും. 140 നിയമസഭാ മണ്ഡലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. ഐ.ടി, തദ്ദേശസ്വയംഭരണം, ഊർജം, പി.ആർ.ഡി. വകുപ്പുകളുടെ ഏകോപനത്തിലാകും പരിപാടി. ചടങ്ങ് സംഘടിപ്പിക്കാനായി ഒാരോ നിയമസഭാ മണ്ഡലത്തിനും 25,000 രൂപവീതം സർക്കാർ അനുവദിക്കും.
എം.എൽ.എ.യെ അധ്യക്ഷനാക്കി ഉദ്ഘാടനച്ചടങ്ങിനുള്ള കമ്മിറ്റി രൂപവത്കരിക്കാൻ നിർദേശിച്ചിട്ടുണ്ട്.മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്ന ചടങ്ങ് മണ്ഡലങ്ങളിൽ തത്സമയം സംപ്രേഷണംചെയ്യും. മണ്ഡലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കേണ്ട ചുമതല തദ്ദേശവകുപ്പിനാണ്.
സാർവത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ-ഫോൺ. മുപ്പതിനായിരത്തോളം സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് നൽകുന്നതാണ് പദ്ധതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു