തിരുവനന്തപുരം: ഒരേ നുണ ആവര്‍ത്തിച്ച് കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സംസ്ഥാനത്ത് റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും ഗണ്യമായി കുറയ്ക്കാന്‍ സഹായകമായി എന്ന കണക്കുകള്‍ പുറത്തു വന്നതോടെ പ്രതിപക്ഷം ഇതുവരെ പരത്തിയ നുണക്കഥകളുടെ ആയുസ്സ് ഒടുങ്ങി. നേരത്തെ പറഞ്ഞു പൊളിഞ്ഞ ആരോപണങ്ങളും പൊതുമണ്ഡലത്തില്‍ ലഭ്യമായ രേഖകളും പുതിയതാണ് എന്ന വ്യാജേന അവതരിപ്പിച്ച് പുകമറ പരത്താനാണ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചതെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് പദ്ധതിക്കായി നൽകിയ കരാറിൽ പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ച ദിവസം മുതലേ തെളിവുകൾ പുറത്തു വിടാൻ ആവശ്യപ്പെട്ടതാണ്. വെല്ലുവിളി സ്വീകരിച്ച് തെളിവ് പുറത്തുവിടാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. മുഖ്യമന്ത്രി യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളങ്ങൾക്കെല്ലാം മറുപടി നൽകണമെന്നു വാശി പിടിക്കുന്നത് എന്തിനാണ്?
വിവരാകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങൾക്ക് കെൽട്രോൺ മറുപടി നൽകിയില്ലെന്ന് ചെന്നിത്തല പറയുന്നു. വിവരാകാശ നിയമത്തിലെ 8 (1) (d) പ്രകാരം കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിനു ഹാനി സൃഷ്ടിക്കാവുന്ന വിവരങ്ങൾ അറിയിക്കാൻ നിർവാഹമില്ലെന്ന് കെൽട്രോൺ മറുപടി നൽകിയിട്ടുണ്ട്. മറുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ പോകാനുള്ള അവസരവുമുണ്ട്.
ഇതിനകം വ്യക്തമായ മറുപടികൾ വന്നിട്ടും അക്ഷര എന്‍റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് ആവശ്യമായ പ്രവർത്തനപരിചയമില്ലെന്ന ആരോപണം ചെന്നിത്തല ആവർത്തിക്കുന്നു. ടെൻഡർ പ്രീ ക്വാളിഫിക്കേഷൻ ബിഡിൽ 4.2.2 ൽ 10 വർഷം കുറയാത്ത പ്രവർത്തന പരിചയം ആവശ്യമാണെന്ന് പറയുന്നുണ്ട്. ടെക്‌നിക്കൽ ബിഡ് ക്വാളിഫൈ ആയ അക്ഷര എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് റജിസ്റ്റർ ചെയ്തത് 2017ൽ ആണ്. അങ്ങനെ ഒരു കമ്പനിക്ക് എങ്ങനെ 10 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകും എന്ന ലളിതമായ ചോദ്യമാണ് ആരോപണത്തിന്‍റെ കാതൽ. അക്ഷര എന്റർപ്രൈസസ് എന്ന പേരിൽ 2010ൽ റജിസ്റ്റർ ചെയ്ത കമ്പനി 2017 ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറ്റുകയായിരുന്നു. ഇതു സംബന്ധിച്ച രേഖ ടെൻഡർ ഡോക്യൂമെന്‍റിലുണ്ടെന്ന വിവരം കൗശലപൂർവം മറച്ചു പിടിക്കുകയാണ്.
ഒരു ലക്ഷം രൂപയ്ക്ക് മാർക്കറ്റിൽ വിലയുള്ള ക്യാമറയ്ക്ക് 10 ലക്ഷം രൂപയാണ് ക്വോട്ട് ചെയ്തതെന്ന് ആരോപിക്കുന്നു. വെറുമൊരു ക്യാമറ മാത്രമല്ലെന്നും നിരവധി ഘടകങ്ങൾ ചേരുന്ന ഒരു ക്യാമറ യൂണിറ്റാണ് വാങ്ങിയത്. ഓപ്പൺ ടെണ്ടറാണ് വിളിച്ചത്. വില കുറച്ച് ഈ ക്യാമറ നൽകുന്ന കമ്പനികൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് അതിൽ പങ്കെടുത്ത് ടെണ്ടർ സ്വന്തമാക്കാമായിരുന്നു. അങ്ങനെയുണ്ടായില്ല. ഈ പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായ ക്യാമറ യൂണിറ്റുകൾ പത്തിലൊന്നു വിലയ്ക്ക് വിൽക്കുന്ന കമ്പനികൾ ഏതെന്നു പറയാൻ എന്തുകൊണ്ട് ചെന്നിത്തലയും കൂട്ടരും തയ്യാറാകുന്നില്ല? ’’– എം. വി ഗോവിന്ദൻ ചോദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു