സംവിധായിക ഐഷ സുൽത്താന ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് ഫ്ളഷ്. ഇപ്പോൾ ചിത്രത്തിന്റെ നിർമാതാവിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഐഷ. കേന്ദ്ര സർക്കാരിന് എതിരെയുള്ള ചിത്രം റിലീസ് ചെയ്യില്ല എന്നാണ് നിർമാതാവ് ബീനാ കാസിം പറഞ്ഞത് എന്നാണ് സംവിധായിക ഫെയ്സ്ബുക്കിൽ കുറിച്ചത്. ചിത്രത്തിന് സെൻസർ കിട്ടിയിട്ട് ഒന്നര വർഷമായെന്നും റിലീസ് ചെയ്യാൻ സമ്മതിക്കുന്നില്ല എന്നുമാണ് ഐഷ കുറിച്ചത്.
ലക്ഷദ്വീപിൽ നിന്നും ഇവാക്കുവേഷൻ ചെയ്യുന്ന രോഗികളെ പറ്റി സിനിമയിൽ കാണിച്ചതുപോലെയല്ല ശരിക്ക് നടക്കുന്നത് എന്നാണ് അവർ പറഞ്ഞത്. നിർമാതാവിന്റെ ഭർത്താവ് ബിജെപി ജനറൽ സെക്രട്ടറിയാണെന്നും ഐഷ വ്യക്തമാക്കി. സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കില്ലെങ്കിൽ തന്റെ വഴിയിൽ കൂടി യൂട്യൂബിൽ റിലീസ് ചെയ്യുമെന്നും ഐഷ കുറിച്ചു.
ഐഷ സുൽത്താനയുടെ കുറിപ്പ് വായിക്കാം
“കേന്ദ്ര സർക്കാരിന് എതിരെ സംസാരിച്ച സിനിമ ഞാനൊരിക്കലും റിലീസ് ചെയ്യില്ല” എന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞത് മാറ്റാരുമല്ല Flush എന്ന സിനിമയുടെ പ്രൊഡ്യൂസർ ബീനാ കാസിമാണ്…
അവർ കേന്ദ്ര സർക്കാരിന്റെ അടിമ പണി എടുക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ല. അതെന്റെ തെറ്റ്, അവരുടെ രാഷ്രിയ ലാഭത്തിന് വേണ്ടി എന്നെയും എന്റെ നാടിനെയും കുറിച്ച് തുറന്ന് പറഞ്ഞ സിനിമയെയും ഒറ്റി കൊടുക്കുവായിരുന്നു.. സെൻസർ കിട്ടിയിട്ട് ഒന്നരവർഷമായിട്ടും, ഒരു പാട്ടും ട്രെയിലറും റിലീസ് ചെയ്തിട്ടും സിനിമ പെട്ടിയിൽ വെച്ചേക്കുവാണ് ഈ പ്രൊഡ്യൂസർ, ഞാൻ എന്നും അവരെ വിളിച്ച് റിലീസിന്റെ കാര്യം സംസാരിക്കുമ്പോൾ റിലീസ് ചെയ്യാൻ ക്യാഷ് ഇല്ലാന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു. ഈ ഒന്നര വർഷവും എന്റെ ഒന്നര കോടി പോയി എന്നും പറഞ്ഞ് അവർ എന്നെ ടോർച്ചർ ചെയ്യുവായിരുന്നു. റിലീസിങ്ങിന് വേണ്ടി ഞാൻ സ്വന്തം നിലയിൽ ഒരു ടീമിനെ ശരിയാക്കി കൊടുത്തപ്പോഴും അവർ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു. ഒടുവിൽ ഒരു പുതിയ ott ടീം വന്നപ്പോൾ അവർക്ക് സിനിമ കാണിച്ച് കൊടുക്കാൻ പോലും അവർ വിസ്സമ്മതിച്ചു.. എന്താണ് കാരണം എന്ന് ചോദിക്കാനായി ഞാനൊരു മീഡിയെറ്ററേ കൊണ്ടൊരു മീറ്റിങ് അറേഞ്ച് ചെയ്യിച്ചു. അപ്പോഴാണ് അവരുടെ വായിൽ നിന്നും ആ വാക്ക് വീണത്. അത് കേട്ടപ്പോൾ എനിക്കുണ്ടായ ഷോക്കിൽ നിന്നും ഇപ്പോഴും ഞാൻ റിക്കവറായിട്ടില്ല. നിങ്ങളുടെ ഈ മുഖം ലോകം മുഴുവനും അറിയട്ടെ…
ലക്ഷദ്വീപിൽ നിന്നും ഇവാക്കുവേഷൻ ചെയ്യുന്ന രോഗികളെ പറ്റി ഞാൻ സിനിമയിൽ കാണിച്ച കാര്യം എടുത്ത് പറഞ്ഞു കൊണ്ട് ഈ പ്രൊഡ്യൂസർ പറയാ അങ്ങനെയൊക്കെ ലക്ഷദ്വീപിൽ നടക്കുന്നില്ലത്ര, കോഴിക്കോടിൽ സുഖമായി ജീവിക്കുന്ന പ്രൊഡ്യൂസർക്ക് ലക്ഷദ്വീപിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഇത്തിരി കൂടുതൽ വിശ്വാസകുറവ് ഉണ്ടാവും കാരണം ഈ പ്രൊഡ്യൂസറിന്റെ ഹസ്ബൻഡ് ബിജെപി ജനറൽ സെക്രട്ടറി ആണല്ലോ, അപ്പൊ പിന്നെയത് സ്വാഭാവികം… നിങ്ങളൊക്കെ ചേർന്ന് ഞങ്ങൾ ദ്വീപുകാരെ ഇഞ്ചിഞ്ചായി കൊല്ലുവാണെന്ന് ഓർക്കുമ്പോൾ… നിങ്ങളെന്ന പ്രൊഡ്യൂസറിനോട് എനിക്ക് പുച്ഛം തോന്നുന്നു…
എൻ്റെ ആദ്യ സിനിമയാണ് ഫ്ലഷ്. ഞാനടക്കമുള്ള ഒട്ടനവധി പേരുടെ പ്രതീക്ഷയും സ്വപ്നവുമാണ് ആ സിനിമ. ഒരുപാട് പരിമിതികൾക്കിടയിൽ കൊവിഡ് കാലത്ത് ഞങ്ങളുടെത്ത അധ്വാനത്തെയാണ് നിങ്ങൾ ഒറ്റുകൊടുത്തത്.
എന്റെ നേരാണ് എന്റെ തൊഴിൽ, ആ തൊഴിലിനെ നിങ്ങൾക്ക് ഭയമാണ്. അല്ല നിങ്ങളുടെ കേന്ദ്ര സർക്കാരിന് ഭയമാണ്. കേരളത്തിൽ ബിജെപി വട്ടപൂജ്യം ആയത് പോലെ ഇന്ത്യയിൽ നിന്നും ഈ കൂട്ടരേ Flush അടിച്ച് കളയും എന്ന് തന്നെയാണ് ഞാൻ പറയുന്നത്… ഇനിയും ഇനിയും എന്റെ തൊഴിലിൽ കൂടി ഞാനത് ജനങ്ങളെ ബോധ്യപെടുത്തി കൊണ്ടിരിക്കും, നിങ്ങളി സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കില്ല എങ്കിൽ ഞാനത് എന്റെ വഴിയിൽ കൂടി യൂട്യൂബിലെങ്കിലും റിലീസ് ചെയ്യും,
ജനം അറിയട്ടെ യഥാർത്ഥ ലക്ഷദ്വീപ് സ്റ്റോറി എന്തെന്ന്… ഞാൻ യൂട്യൂബിൽ റിലീസ് ചെയ്താൽ നിങ്ങൾ കേസ് കൊടുക്കുമെന്ന് പറഞ്ഞല്ലോ, കൊണ്ടുപോയി കൊടുക്ക് നിങ്ങളുടെ കേസ് 124(A) രാജ്യദ്രോഹ കുറ്റത്തെക്കാളും വലിയ കേസ് എനിക്കിനി നേരിടേണ്ടി വരില്ല.
അത് കൊണ്ട് കേസും കാണിച്ച് ഭയപ്പെടുത്താൻ നിൽക്കണ്ട. എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തേ തടയാൻ ഒരൊറ്റ ഷൂ നക്കികളെ കൊണ്ടും സാധിക്കില്ല…
കൂടെ നിന്ന് ചതിച്ചവരിൽ നിന്നും ഞാൻ പഠിച്ചോരു പാഠമുണ്ട് :ഒരു ബന്ധത്തിനായി ഒരിക്കലും യാചിക്കരുത് നിങ്ങളോടൊപ്പമുണ്ടാകാൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കാനും നിങ്ങളോടൊപ്പം ഉണ്ടെന്ന് നടിക്കുന്നവരെ നിരസിക്കാനും ധൈര്യപ്പെടുക
– എ. പി. ജെ അബ്ദുൽ കലാം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു