ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ ഹോമം നടത്തി. പൂർണകുംഭം നൽകി പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി നമസ്കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. ശേഷം ലോക്സഭയിൽ നിലവിളക്ക് തെളിയിച്ചു. ഉദ്ഘാടന ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പുതിയ പാർലമെന്റ് നിർമിച്ച തൊളിലാളികളെ പ്രധാനമന്ത്രി ആദരിച്ചു.
12ന് പാർലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും പ്രസംഗങ്ങളും നടക്കും. ഒന്നിന് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം. പാർലമെന്റ് നിർമാണത്തിൽ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തെ 20 പാർട്ടികൾ ചടങ്ങു ബഹിഷ്കരിക്കും. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കൊപ്പം കർഷകസംഘടനകൾ മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാൽ കനത്ത സുരക്ഷയാണു നഗരത്തിലൊരുക്കിയിരിക്കുന്നത്. ന്യൂഡൽഹി മേഖലയിൽ സ്വകാര്യവാഹനങ്ങൾക്ക് 3 മണി വരെ നിയന്ത്രണമേർപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു