തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018 Everyone Is A Hero’ എന്ന ചിത്രം. മേയ് അഞ്ചിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 150 കോടി കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ പുതിയ നേട്ടത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
‘150 കോടിക്കൊപ്പം നിൽക്കുമ്പോഴും, ഞാൻ തലകുനിച്ചു കൈകൂപ്പി നിങ്ങളെ വന്ദിക്കുന്നു. നിങ്ങൾ ,ജനങ്ങൾ ഈ സിനിമയോട് കാണിച്ച സ്നേഹവും, ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്. അതിരുകടന്ന ആഹ്ലാദമോ ഒരു തരി പോലും അഹങ്കാരമോ ഇല്ല. എല്ലാം ദൈവ നിശ്ചയം’ എന്നായിരുന്നു നിർമാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ സിനിമ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം, ആഗേളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം എന്ന റെക്കോർഡും ‘2018’ നേടിയിട്ടുണ്ട്. നേരത്തെ ലോകമൊട്ടാകെ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന നേട്ടം മോഹൻലാൽ ചിത്രമായ പുലിമുരുകനായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 146 കോടി രൂപയാണ് സിനിമയുടെ കളക്ഷൻ. എന്നാൽ ഈ റെക്കോർഡ് മറികടന്നിരിക്കുകയാണ് ജൂഡിന്റെ ‘2018’.