ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ആദിപുരുഷ്. സിനിമയില്‍ സീത ദേവിയായി എത്തുന്നത് ഹിന്ദി സിനിമാ താരം കൃതി സനോണ്‍ ആണ്.
സീതയെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുക എന്നത് എപ്പോഴും ലഭിക്കാത്ത ഭാഗ്യമാണെന്ന് കൃതി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആദിപുരുഷിനെ കുറിച്ച് കൃതി മനസ്സ് തുറന്നത്.
ആദിപുരുഷിലെ സീതാ ദേവിയായുള്ള കഥാപാത്രം വളരെ ആകാംഷയുള്ളതായിരുന്നെന്നും എന്നാല്‍ അത് അത്ര എളുപ്പമായിരുന്നില്ലെന്നും കൃതി പറയുന്നു. വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു, കൂടാതെ സീതയുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തുക എന്നത് വളരെ ഉത്തരവാദിത്വമുള്ള കാര്യമായാണ് തോന്നിയത്, അവർ പറഞ്ഞു.
ആദിപുരുഷില്‍ രാമനായി എത്തുന്നത് പ്രഭാസ് ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ആദ്യഗാനമായ റാം സിയാ റാം ഗാനം രണ്ട് ദിവസത്തിനകം എത്തും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ഗാനം പുറത്തിറക്കുക.