ബെംഗളൂരു :കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ധനകാര്യ വകുപ്പിന്റെ ചുമതലയും സിദ്ധരാമയ്യയ്ക്ക്. ജി.പരമേശ്വര ആഭ്യന്തര മന്ത്രിയാകും. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയ്ക്ക് ഗ്രാമവികസനം, പഞ്ചായത്തീ രാജ് എന്നിവയുടെ ചുമതല നൽകി. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ജലസേചനം, നഗരവികസനം എന്നീ വകുപ്പുകളാണ് ലഭിക്കുക.
മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത 10 പേർക്കു പുറമെയാണിത്. മന്ത്രിസഭാ വികസനം പൂർത്തിയായ സാഹചര്യത്തിലാണ് വകുപ്പ് വിഭജനത്തിൽ ചർച്ച തുടരുന്നത്. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് സിദ്ധരാമയ്യയും ശിവകുമാറും ബലം പിടിച്ചതോടെ, നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അന്തിമ തീരുമാനം കൈക്കൊള്ളാനായത്.
മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്തവണയും ശിവകുമാറിനെ മറികടന്ന് മന്ത്രിസഭാ രൂപീകരണത്തിൽ സിദ്ധരാമയ്യയുടെ അഭിപ്രായങ്ങൾക്കാണ് മേൽക്കൈ ലഭിച്ചത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ 12 പേരും ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നവരാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു