ഭോപ്പാൽ: രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായിരിക്കുന്നത്. മധ്യ പ്രദേശിൽ നിന്നാണ് ഇവരെ പിടികൂടിയത്. സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. 13 ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻ ഐ എ വ്യക്തമാക്കി. രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടവരാണ് അറസ്റ്റിലായവരെന്നും എൻ ഐ എ വിവരിച്ചു. മധ്യപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സേനയും (എ ടി എസ്) സംയുക്ത ഓപ്പറേഷനിൽ പങ്കാളികളായെന്ന് എൻഐഎ വ്യക്തമാക്കി.
ജബൽപൂരിൽ നിന്നാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മെയ് 26, 27 തീയതികളിൽ ജബൽപൂരിലെ 13 സ്ഥലങ്ങളിൽ എൻ ഐ എ നടത്തിയ രാത്രികാല റെയ്ഡിലാണ് ഇവരെ പിടികൂടിയത്. പിടിയിലായ സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരെ ഭോപ്പാലിലെ എൻ ഐ എ പ്രത്യേക കോടതിയിൽ ഹാജരാക്കും. മൂർച്ചയേറിയ ആയുധങ്ങൾ, വെടിക്കോപ്പുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും കേന്ദ്ര ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്.
ഐഎസിനു വേണ്ടി ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ അഴിച്ചുവിടുക എന്ന ഉദ്ദേശത്തോടെയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് എൻ ഐ എ പറയുന്നു. രാജ്യത്ത് ഭീകരത പടർത്താനുള്ള പദ്ധതികളും ഗൂഢാലോചനകളും ആസൂത്രണം ചെയ്തിരുന്നതായും ദേശിയ അന്വേഷണ ഏജൻസി കൂട്ടിച്ചേർത്തു. മൂന്ന് പ്രതികളും ഫണ്ട് ശേഖരണം, ഐ എസിന്റെ ആശയം പ്രചരിപ്പിക്കൽ, യുവാക്കളെ പ്രചോദിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നതായും എൻ ഐ എ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു