കൊച്ചി : ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകളിലെ നടപടികൾ റദ്ദാക്കുന്നതിനു പൊതുമാനദണ്ഡം സാധിക്കില്ലെന്നും അതിജീവിതരുടെ ക്ഷേമം മുൻനിർത്തി കോടതികൾ തീരുമാനിക്കണമെന്നും ഹൈക്കോടതി.
പോക്സോ കേസിലുൾപ്പെടെ അസാധാരണ സാഹചര്യങ്ങളിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതിക്കു സാധിക്കും. ഓരോ കേസിലും സാഹചര്യവും വസ്തുതയും പരിശോധിച്ചു കോടതികൾ തീരുമാനമെടുക്കണമെന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഒത്തുതീർപ്പിന്റെ പേരിൽ കേസ് റദ്ദാക്കാൻ പ്രതികൾ നൽകിയ ഒരുകൂട്ടം ഹർജികളിലാണു വിധി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസുകൾ, കുട്ടികളെ ഉറ്റബന്ധുക്കൾ പീഡിപ്പിച്ച കേസുകൾ, പ്രണയത്തെ തുടർന്ന് കൗമാരക്കാർ തമ്മിലുള്ള ശാരീരിക ബന്ധം തുടങ്ങിയ കേസുകളാണു കോടതി പരിഗണിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമം സമൂഹത്തിനെതിരെയുള്ള ഹീനമായ കുറ്റകൃത്യമാണെന്നും ഒത്തുതീർപ്പിലെത്തി കേസ് റദ്ദാക്കാൻ അനുവദിക്കരുതെന്നുമാണു സർക്കാർ വാദിച്ചത്. എന്നാൽ, കേസിന്റെ സ്വഭാവം, സമൂഹത്തിലുണ്ടാക്കിയ സ്വാധീനം, അതിജീവിതരെ ബാധിച്ചത് എങ്ങനെ, ഒത്തുതീർപ്പിന്റെ സത്യാവസ്ഥ ഇതെല്ലാം പരിഗണിക്കണമെന്നു കോടതി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു