കുമളി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയില്‍ എത്തി. ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. കുമളി റോസപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് വഴിയാണ് ആനയുടെ നീക്കം വനംവകുപ്പ് നിരീക്ഷിക്കുന്നത്. ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ശബ്ദം ഉണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞദിവസം ആകാശദൂരം കുമളിയില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വരെ എത്തിയ അരിക്കൊമ്പന്‍, ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും ജനവാസ മേഖലയ്ക്ക് അരികില്‍ അരിക്കൊമ്പന്‍ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
ഏഴുദിവസം മുന്‍പാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് തമിഴ്നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം.വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു