ഗുവാഹത്തി: തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷമായ കോൺഗ്രസിന് ലോക്‌സഭയിൽ നിലവിലെ സീറ്റുപോലും ഉറപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. കോൺഗ്രസിന് ‘നിഷേധാത്മക മനോഭാവ’മാണെന്നും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അസമിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പദ്ധതിയിടുന്ന കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വില നല്‍കേണ്ടിവരും. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങള്‍ മോദിക്കൊപ്പമുണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവാന്‍ വോട്ടുചെയ്ത ജനതയാണ് ഇന്ത്യയിലുള്ളതെന്നും പറഞ്ഞ അമിത്ഷാ, കോണ്‍ഗ്രസും ഗാന്ധി കുടുംബവും കഴിഞ്ഞ ഒന്‍പതു വര്‍ഷമായി പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും വ്യക്തമാക്കി. പാര്‍ലമെന്റ് നടപടിക്രമങ്ങളും മോദിയുടെ പ്രസംഗങ്ങളും തടയുകയാണ് കോണ്‍ഗ്രസ്. രാജ്യത്തെ വലിയ ഒരു വിഭാഗം മോദിക്കൊപ്പമുണ്ട്. ഇത് അംഗീകരിക്കാതെയാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. പ്രധാനമന്ത്രിയെയും ജനവിധിയെയും അംഗീകരിക്കാത്ത കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അമിത്ഷാ പറഞ്ഞു.
കോൺഗ്രസിലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഗവർണർമാർക്ക് പകരം മുഖ്യമന്ത്രിമാരും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കളും ചേർന്ന് പുതിയ നിയമസഭാ മന്ദിരങ്ങൾക്ക് തറക്കല്ലിട്ട സംഭവങ്ങളുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. മോദിയെ പാർലമെന്റിനുള്ളിൽ സംസാരിക്കാൻ കോൺഗ്രസ് അനുവദിക്കുന്നില്ലെന്നും ഇന്ത്യൻ ജനത മോദിക്ക് സംസാരിക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും പറഞ്ഞ അമിത് ഷാ, പ്രധാനമന്ത്രിയെ മാനിക്കാതിരിക്കുന്നത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ചു.