ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിൽനിന്നു വിലക്കി. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ 80 നേതാക്കളെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖാസിം സൂരി, അസദ് ഉമർ, അസദ് ഖൈസർ, അസ്ലം ഇഖ്ബാൽ, യാസ്മിൻ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ തുടങ്ങിയ നേതാക്കളാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്സിറ്റ് പോയിന്റുകളിലും ഈ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്
അതേസമയം ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് ഇതിനോട് പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖാജ ആസിഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ നടപടി.
അഴിമതി കേസിൽ മേയ് ഒൻപതിന് ഇമ്രാൻ ഖാൻ അറസ്റ്റിലായതിനുശേഷമുള്ള അക്രമത്തെ തുടർന്ന് ഖാനും പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ നിരവധി ഉന്നത നേതാക്കും കേസിൽ ഉൾപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു