ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ മണിപ്പുര്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദിവസങ്ങള്‍ക്കകം മണിപ്പുരിലെത്തുമെന്നും അവിടെ മൂന്നുദിവസം താമസിച്ച് സമാധാനം സ്ഥാപിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. ജനജീവിതം സാധാരണ നിലയിലായി വരുന്നതിനിടെ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷമുണ്ടായതോടെയാണ് സംസ്ഥാനത്തേക്ക് നേരിട്ടെത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്.
കോടതി വിധിക്കുശേഷവും മണിപ്പുരില്‍ സംഘര്‍ഷമുണ്ടായി. ഇരുപക്ഷവുമായി സംസാരിച്ച് സമാധാനം നിലനിര്‍ത്താന്‍ ആവശ്യപ്പെടും. ഇരുകൂട്ടര്‍ക്കും നീതി ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായിരുന്നു. സൈന്യവും അർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘർഷം പൂർണമായി അവസാനിച്ചിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം ഉണ്ടായത്.
കഴിഞ്ഞ ദിവസം മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ന്യൂ ചെക്കോണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് മേഖലയിൽ വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകള്‍ക്ക് വ്യാപകമായി തീയിട്ടു. ഒരു പള്ളിക്കും തീയിട്ടു. ഇതോടെ സംഘര്‍ഷം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിച്ചിരുന്നു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാങ്ങിൽ വർക് ഷോപ്പിന് അക്രമികൾ തീയിട്ടു.
അതിനിടെ മണിപ്പൂരിലെ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തിയിൽ നടന്ന പുതിയ ആക്രമണത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മണിപ്പൂർ പൊതുമരാമത്ത് മന്ത്രി കൊന്തൗജം ഗോവിന്ദാസിന്റെ ബിഷ്ണുപൂർ ജില്ലയിലെ വീടും അക്രമികൾ തകർത്തു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കർഫ്യൂ ഇളവുകൾ പിൻവലിച്ചു. സംസ്ഥാനത്തേക്ക് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു