തിരുവനന്തപുരം: വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാന്‍ ജനങ്ങളെ പിഴിഞ്ഞ് പണം ധൂര്‍ത്തടിക്കുകയാണ് പിണറായി വിജയനെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന് ആരോപിച്ചു. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരുലക്ഷം ഓണറേറിയം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മന്ത്രി.
കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനത്തിന്റെ ആവശ്യം കത്തിടപാടുകളിലൂടെ ബോധ്യപ്പെടുത്താന്‍ അനവധി ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്. അവരെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും വി.മുരളീധരന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി, വെള്ളം എല്ലാത്തിനും നികുതി ചുമത്തി ജനങ്ങളെ പിഴിഞ്ഞാണ് ഈ വക ധൂര്‍ത്തെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ജനങ്ങളെ കബളിപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പാവങ്ങളെ കുരുതിക്കൊടുത്താണ് പിണറായി വിജയന്റെ ഭരണം. തിരുവന്തപുരത്ത് തീ പിടിത്തം അണയ്ക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന് മരിച്ച സംഭവത്തിലും അനാസ്ഥ പുറത്തുവന്നു. കെട്ടിടത്തിന് ഫയര്‍ഫോഴ്സ് അനുമതി ഉണ്ടായിരുന്നില്ല എന്ന് മേധാവി തന്നെ പറഞ്ഞു. ആദ്യ തീപിടിത്തം തീവെട്ടിക്കൊള്ളയുടെ രേഖകള്‍ നശിപ്പിക്കാനായിരുന്നു എന്ന ആരോപണം ഇപ്പോഴും നിലവിലുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നും അത് അവര്‍ തിരുത്തുന്ന കാലം വിദൂരത്തല്ലെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.