ലണ്ടൻ; യൂറോപ്യൻ ഗൃഹാതുരത്വത്തിന്റെ തീവ്രവിഷാദം നിറച്ച് ഗ്യോർഗി ഗോസ്പോഡിനോവ് എഴുതിയ നോവൽ ടൈം ഷെൽറ്ററിന് ഈ വർഷത്തെ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം. സംഗീതജ്ഞ കൂടിയായ ഏഞ്ചല റോഡലാണ് ബൾഗേറിയൻ ഭാഷയിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) പുരസ്കാരത്തുകയിൽ പാതി പരിഭാഷകയ്ക്കാണ് ലഭിക്കുക. ലണ്ടനിലെ സ്കൈ ഗാർഡനിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
ബൾഗേറിയൻ ഭാഷയിൽനിന്നൊരു നോവലിന് ഇതാദ്യമാണ് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം ലഭിക്കുന്നത്. ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ ‘റേത് സമാധി’യുടെ ഇംഗ്ലിഷ് പരിഭാഷയായ ‘ടൂം ഓഫ് സാൻഡി’നായിരുന്നു കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചത് . ഹിന്ദിയിൽനിന്നൊരു നോവലിന് ബുക്കർ ഇന്റർനാഷനൽ പുരസ്കാരവും ആദ്യമായിരുന്നു. ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന നോവലിനോ കഥാസമാഹാരത്തിനോ നൽകുന്നതാണ് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം.
അൽസ്ഹൈമേഴ്സ് ബാധിച്ചവർക്ക് ആശ്വാസമേകാനായി കാലഘട്ടങ്ങളുടെ ഓർമകളൊരുക്കി തുറക്കുന്ന ‘ഗതകാല ചികിത്സാലയം’ മറവിരോഗമില്ലാത്തവരും അഭയകേന്ദ്രമാക്കുന്നതിനെപ്പറ്റിയാണ് ഗോസ്പോഡിനോവിന്റെ നോവൽ. കെട്ടിടത്തിന്റെ ഓരോ നിലയിലും ഓരോ പതിറ്റാണ്ടിനെ ഓർമപ്പെടുത്തുന്ന ക്ലിനിക്കിൽ അക്കാലത്തെ വീട്ടുപകരണങ്ങളും പത്രങ്ങളും വരെ സജ്ജീകരിച്ചതാണ്. പടിഞ്ഞാറൻ ആശയങ്ങളും കമ്യൂണിസ്റ്റ് ആദർശവും തമ്മിലുള്ള സംഘർഷമനുഭവിച്ച ബൾഗേറിയയുടെ ചരിത്രവും നോവലിലുണ്ട്.
ബൾഗേറിയയുടെ ചരിത്രം പറയാതെ പറയാനും അവിടത്തെ ജനങ്ങളുടെ പ്രത്യയശാസ്ത്ര സംഘർഷം അദൃശ്യമായി ചേർക്കാനും കഴിഞ്ഞിട്ടുള്ള നിരവധി അടരുകളുള്ള പുസ്തകമാണ് ടൈം ഷെൽറ്റർ എന്ന് എഴുത്തുകാരിയും വിവർത്തകയുമായ സുനീത ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ബൾഗേറിയയിൽ നിന്ന് ഇതിനു മുൻപ് വായിച്ചിട്ടുള്ളത് ഗോസ്പോഡിനോവിന്റെ തന്നെ ദ് ഫിസിക്സ് ഓഫ് സോറോ എന്ന നോവലാണ്. അതുകൊണ്ടു തന്നെ ഗോസ്പോഡിനോവിന്റെ പേര് ബുക്കർ ലോങ്ലിസ്റ്റിൽ വന്നപ്പോൾ ടൈം ഷെൽറ്റർ വായിച്ചു. ഗംഭീരം എന്ന് തോന്നുകയും ചെയ്തു.
എങ്കിലും ഷോർട്ട് ലിസ്റ്റിലെ 6 പുസ്തകങ്ങളിൽ മറീസ് കൊണ്ടേയുടെ നോവലിനും കൊറിയൻ പുസ്തകമായ വെയ്ലിനും ആയിരുന്നു സാധ്യത കൽപ്പിച്ചത്. കാരണം, ടൈം ഷെൽറ്ററിന്റെ ആഴം മുഴുവൻ ഒരു വായന കൊണ്ട് ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല. നല്ല മലയാളം തർജമ വന്നാൽ കേരളം ഈ പുസ്തകം ആഘോഷിക്കുമെന്ന് ഉറപ്പാണ്– സുനീത പറഞ്ഞു.