തിരുവനന്തപുരം: സംസ്ഥാനത്ത് എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിലുണ്ട്. അഴിമതിക്കാരെ തിരുത്തിക്കാൻ മറ്റ് ജീവനക്കാർ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനങ്ങൾ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ സമീപിക്കുന്നത് റവന്യു, തദ്ദേശ ഓഫീസുകളെയാണ്. എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിലുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ എല്ലാ കാര്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വ്യാപകമായി അഴിമതി നടത്തുകയായിരുന്നു. എന്നാൽ ഓഫീസിലുള്ള ഒരു മഹാൻ ഇങ്ങനെ അഴിമതി നടത്തുമ്പോൾ മറ്റുള്ളവർ അറിയാതിരിക്കുമോ ?എല്ലാവരും അഴിമതിക്കാരല്ല’- മുഖ്യമന്ത്രി പറഞ്ഞു.
‘അഴിമതിക്കാരെ തിരുത്തിക്കാൻ മറ്റ് ജീവനക്കാർ ഇടപെടണം. അഴിമതിയോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അവരെ സംരക്ഷിക്കില്ല. സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മറ്റുള്ളവർക്ക് പറയാം. എത്രമാത്രം ദുഷ്പ്പേര് ഓഫീസിനും വകുപ്പിനും നാടിനും ഉണ്ടാകുന്നുവെന്ന് കാണണം. ഇന്നത്തെ കാലം ഒന്നും അതീവ രഹസ്യമല്ല. രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാൻ പറ്റില്ല. പിടികൂടിയാൽ അതിന്റേതായ പ്രയാസം അനുഭവിക്കേണ്ടിവരും മുഖ്യമന്ത്രി പറഞ്ഞു.