ഡോ. ജാബിർ എംപി, സീനിയർ സ്പെഷ്യലിസ്റ്, ഇന്റെണൽ മെഡിസിൻ, ആസ്റ്റർ മിംസ്, കോഴിക്കോട്
വയസ്സായവർക്കെന്ത് ഹൈപ്പർ ടെൻഷൻ അത് ചെറുപ്പക്കാർക്കല്ലേ എന്ന് പറഞ്ഞ് തള്ളാൻ വരട്ടെ, ഈ കാലഘട്ടത്തിൽ ചെറുപ്പമെന്നോ പ്രായമായവർക്കെന്നോ വ്യത്യാസമില്ലാതെ ടെൻഷനും വർധിച്ചു കൊണ്ടിരിക്കുന്നു. നിശ്ശബ്ദനായ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥകളിൽ പ്രധാനപ്പെട്ട ഒന്നാണ് രക്താതിമർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ എന്നത്.
രക്തം രക്തക്കുഴലുകളിലേയ്ക്ക് ഒഴുകുമ്പോൾ അവയുടെ ഭിത്തികളിൽ ഉണ്ടാകുന്ന അമിത മർദ്ദത്തെയാണ് ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമർദ്ദം എന്ന് പറയുന്നത്.
പൊതുവേ തലവേദന , തലകറക്കം , മനം പൊരുട്ടൽ , ഇരുട്ടു കയറൽ, കണ്ണുമങ്ങുക എന്നിങ്ങനെ ഹൈപ്പർടെൻഷൻ ലക്ഷണങ്ങളായി കാണാറുണ്ട്. ചിലർക്ക് രക്തസമ്മർദ്ദം അധികം കൂടിക്കഴിഞ്ഞാൽ അത് മറ്റ് അവയവങ്ങളെയും ബാധിച്ചേക്കാം.
സങ്കീർണതകൾ
രക്തസമ്മർദ്ദത്തിന്റെ സങ്കീർണതകൾ പൊതുവേ മൂന്ന് അവയവങ്ങളിലാണ് ബാധിക്കാറുള്ളത്. ഹൃദയം , വൃക്ക ,തലച്ചോറ് .
രക്തസമ്മർദ്ദം ക്രമാതീതമായി കൂടിക്കഴിഞ്ഞാൽ തലച്ചോറിൽ രക്തം കട്ട പിടിക്കാനും ബ്ലീഡിങ് പോലുള്ള അപകടങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട് . പുതിയ പഠനങ്ങൾ പ്രകാരം ഹൈപ്പർടെൻഷൻ നിയന്ത്രണമില്ലാത്ത ആൾക്കാർക്ക് ഓർമ്മക്കുറവും, ബോധ നിലവാരത്തിലുള്ള കുറവ് വരാനുള്ള ( കോഗ്നിടിവ് ഡിക്ലൈൻ) സാധ്യതകൾ ഏറെ കാണാറുണ്ട് .
നിയന്ത്രണമില്ലാത്ത രക്തസമ്മർദ്ദം കാരണം വൃക്കകളിലെ അരിപ്പകളിലേക്കുള്ള രക്തയോട്ടം കുറയുകയും വൃക്കയുടെ വലിപ്പം കുറയുകയും ,തുടർന്ന് കിഡ്നിയുടെ പ്രവർത്തനം നടക്കാതെ വരികയും ഡയാലിസിലേക്ക് വരെ പോകാൻ സാധ്യതയുണ്ട്.
ഹൃദയത്തിലെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും, ബിപി കൂടുകയും ചെയ്യുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുകയും ഹൃദയസ്തംഭനം, ഹാർട്ട് ഫെയിലിയർ പോലുള്ളവ ഉണ്ടാക്കാൻ ഉള്ള സാധ്യതകളും ഏറെയാണ് . കൂടാതെ ഹാർട്ട് ഫെയിലിയർ മൂലം രക്തയോട്ടം ശരിയായ രീതിയിൽ നടക്കാതിരിക്കുന്നത് വഴി കാലുകളിൽ നീര് വെക്കുകയും ചെയ്യുന്നു.
കാരണങ്ങൾ
രോഗത്തിന്റെ സ്വഭാവമനുസരിച്ച് രണ്ട് ഗണങ്ങളിലേക്ക് രക്താതിമർദത്തെ തരം തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേത് പ്രാഥമിക രക്താതിമർദ്ദവും (പ്രൈമറി ഹൈപ്പർടെൻഷൻ) രണ്ടാമത്തേത് ദ്വിതീയ രക്താതിമർദ്ദവും (സെക്കണ്ടറി ഹൈപ്പർ ടെൻഷൻ) ആണ്. പാരമ്പര്യം, ഉപ്പിന്റെ അമിത ഉപയോഗം, വ്യായാമത്തിന്റെ കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയ പൊതുവായ കാരണങ്ങൾ മൂലമോ പ്രത്യക്ഷത്തിൽ വലിയ കാരണങ്ങളൊന്നും ഇല്ലാതെയോ കാണപ്പെടുന്ന രോഗാവസ്ഥയാണ് പ്രാഥമിക രക്താതിമർദ്ദം. എന്നാൽ മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന രക്താതിമർദ്ദത്തെ ദ്വിതീയ രക്താതിമർദ്ദം എന്ന ശ്രേണിയിൽ ഉൾപ്പെടുത്തുന്നു. തൈറോയിഡിന്റെ പ്രവർത്തന വൈകല്യങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ, സ്റ്റിറോയിഡ് മരുന്നുകളുടെ സ്ഥിരമായ ഉപയോഗം, അഡ്രിനൈൽ ഗ്രന്ഥിയെ ബാധിക്കുന്ന ചില അസുഖങ്ങൽ, വേദന സംഹാരികളുടെ സ്ഥിരമായ ഉപയോഗം തുടങ്ങിയ നിരവധിയായ കാരണങ്ങൾ മൂലം ദ്വിതീയ രക്താതിമർദ്ദം കാണപ്പെടാം.
രക്തസമ്മർദ്ദം എങ്ങനെ നിർണയിക്കാം
ബി പി നോക്കുന്നതിനു മുന്നേ ചായ , കാപ്പി എന്നിവ കുടിക്കാനോ, പുകവലിക്കാനോ പാടില്ല . ഒരിക്കലും ധൃതിയിൽ ഓടിയെത്തിയും ബിപി നോക്കാൻ പാടില്ല . ഒന്നിലധികം തവണ ബിപി പരിശോധന നടത്തുന്നതിലൂടെയാണ് ഡോക്ടർമാർ ഒരാളുടെ കൃത്യമായ ബി പി വാല്യൂവിൽ എത്തുന്നത്.
ചികിത്സാരീതി
ഒന്നിലധികം തവണ പരിശോധിച്ചിട്ടും തുടർച്ചയായി ബി പി ഉയർന്നുനിൽക്കുകയാണെങ്കിൽ , ആദ്യം നോൺ ഫാർമോളജി അതായത് മരുന്നുകൾ ഒന്നുമില്ലാത്ത ട്രീറ്റ്മെൻറ് ആണ് പൊതുവേ നിർദേശിക്കുന്നത് . പക്ഷേ അമിതമായ രക്തസമ്മർദ്ദം കാണുകയാണെങ്കിൽ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യും.
ഉപ്പ് കൂടുതലുള്ള ഭക്ഷ്യവസ്തുക്കളായ പപ്പടം, അച്ചാറ്, ബേക്കറി ബിസ്കറ്റുകളും എന്നിവ ഒഴിവാക്കുക, വ്യായാമം ചെയ്യുക , അമിത ഭാരം നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം ചെയ്ത ശേഷവും ബിപി കുറയുന്നില്ല എന്ന് കാണുമ്പോഴാണ് മെഡിക്കൽ ട്രീറ്റ്മെന്റിലേക്ക് പോകുന്നത്. ബിപിക്കായി നിരവധി മരുന്നുകൾ ലഭ്യമാണെങ്കിലും പ്രായമായവരിൽ മറ്റുള്ളവരെ പോലെ എല്ലാ മരുന്നുകളും ഫലപ്രദമാകണെമെന്നില്ല. കാരണം അവർ മറ്റു പല മരുന്നുകൾ കഴിക്കുന്നതിനാൽ വേറെയും സങ്കീർണ്ണതകളിലേക്ക് അത് നയിച്ചേക്കാം.
രക്തസമ്മർദ്ദം പെട്ടെന്ന് കുറഞ്ഞു കഴിഞ്ഞാൽ വീഴാനുള്ള സാധ്യത പ്രായമായവരിൽ ഏറെയായതിനാൽ, വളരെ ക്രമാതീതമായ ഉയർന്ന ബിപി അല്ലെങ്കിൽ മറ്റ് അവയവങ്ങൾക്കൊന്നും കേടു പാടുകളൊന്നും ഇല്ലെങ്കിൽ ബിപി രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ പതിയെ കുറയ്ക്കുകയാണ് അഭികാമ്യം.
ശ്രദ്ധിക്കേണ്ട വഴികൾ
ചിട്ടയായ ഭക്ഷണക്രമങ്ങൾ, ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ, ചിട്ടയായ ബി പി പരിശോധന മുതലായവ വഴിയും ബിപി നിയന്ത്രിക്കാൻ സാധിക്കും. അതുപോലെതന്നെ അടുത്ത് തന്നെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ പോയി കൃത്യമായ ഇടവേളകളിൽ ബിപി പരിശോധിക്കുകയും ചെയ്യുക. ഡോക്ടർമാരും മറ്റ് ഹോസ്പിറ്റൽ സ്ഥാപനങ്ങളും നൽകുന്ന പഥ്യാഹാരപരമായ നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുക്കുക.
കൃത്യനിഷ്ഠമായ ജീവിതശൈലിയും, ഡോക്ടർ നിർദ്ദേശിക്കുന്ന ചെക്കപ്പുകളും കൃത്യമായി ചെയ്ത് ബി പി നിയന്ത്രിക്കാൻ സാധിക്കുന്നു.
ആരോഗ്യമുള്ള ശരീരത്തിന് വേണ്ടത് ആരോഗ്യമുള്ള മനസ്സാണ്. മാനസിക സമ്മർദ്ദങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യകരമായ ഒരു ജീവിതമാണ് നാം നയിക്കേണ്ടത്.
വിവരങ്ങൾക്ക് കടപ്പാട് : ഡോ. ജാബിർ എംപി, സീനിയർ സ്പെഷ്യലിസ്റ്, ഇന്റെണൽ മെഡിസിൻ, ആസ്റ്റർ മിംസ്, കോഴിക്കോട്