ഇടുക്കി: അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ നിന്ന് കുമളിക്ക് സമീപം. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് വിവരം ലഭിക്കുന്നത്. ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ തിരികെ മടങ്ങി. ജി.പി.എസ് കോളർ വഴിയുള്ള സിഗ്നൽ പ്രകാരമാണ് കണ്ടെത്തിയത്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നു.
അരിക്കൊമ്പൻ വീണ്ടും ഇവിടേക്ക് എത്താനുളള സാധ്യത നിലനിൽക്കുകയാണ്. ഇതുകൊണ്ടു തന്നെയാണ് വനംവകുപ്പ് നിരീക്ഷണം ഉർജിതമാക്കിയത്. മേദകാനം ഭാഗത്ത് നിന്നും അരിക്കൊമ്പൻ വീണ്ടും തമിഴ്നാട് ഭാഗത്തേക്ക് തിരിച്ചു. തമിഴ്നാട്ടിലെ മേഘമലയിൽ ജനവാസ മേഖലയിൽ ഇറങ്ങി അരിക്കൊമ്പന് ഭീതി പരത്തിയിരുന്നു. കഴിഞ്ഞ ഏതാനും നാളായി മേഘമല ഭാഗത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരുന്നത്.
ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് വലിയ തോതിൽ നിരീക്ഷണം തുടർന്നിരുന്നു. ആറു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിക്കുന്നത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല.