കൊച്ചി: ജില്ലാ സ്പോർട്സ് കൗൺസിലുമായുള്ള കരാർ ഏകപക്ഷീയമായി ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചുവെന്ന പി.വി ശ്രീനിജൻ എം.എൽ.എ യുടെ വാദം പൊളിയുന്നു. കരാർ അവസാനിപ്പിക്കുന്നതായി കാണിച്ച് ബ്ലാസ്റ്റേഴ്സ് ജില്ലാ സ്പോർട്സ് കൗൺസിലിന് അയച്ച കത്തിന്റെ പകർപ്പാണ് ലഭിച്ചത്. ജില്ലാ സ്പോർട്സ് കൗൺസിലുമായുള്ള കരാർ നിയമപരമായി നിലനിൽക്കില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് കത്തിലൂടെ വ്യക്തമാക്കിയത്.
ഏകപക്ഷീയമായാണ് ബ്ലാസ്റ്റേഴ്സ് കരാർ അവസാനിപ്പിച്ചതെന്നാണ് എം.എൽ.എയുടെ വാദം. എന്നാൽ കരാർ അവസാനിപ്പിക്കുന്നതായി കാണിച്ച് ബ്ലാസ്റ്റേഴ്സ്, ജില്ലാ സ്പോർട്സ് കൗൺസിലിന് കത്ത് നൽകിയിരുന്നു. ജില്ലാ സ്പോർട്സ് കൗൺസിലുമായുള്ള കരാർ നിലനിൽക്കില്ലെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചതിനെ തുടർന്നാണ് കരാർ അവസാനിപ്പിക്കുന്നതെന്ന് കത്തിൽ വ്യക്തമാകുന്നു.
4. 11. 2022 ന് കരാർ അവസാനിപ്പിക്കാൻ അനുമതി തേടിക്കൊണ്ട് ജില്ലാ കൗൺസിലിന് മറ്റൊരു കത്തും ബ്ലാസ്റ്റേഴ്സ് അയച്ചിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷനുമായി ക്ലബ്ബ് അധികൃതർ കൂടിക്കാഴ്ച നടത്തുകയും പുതിയ കരാർ ഒപ്പുവെച്ചതായും കത്തിൽ സൂചിപ്പിക്കുന്നു. കൃത്യമായി വിവരങ്ങൾ ജില്ലാ സ്പോര്‍ട്സ് കൗൺസിലിനെ അറിയിച്ച ശേഷമായിരുന്നു കരാറിൽ നിന്നും ക്ലബ്ബിന്റെ പിൻമാറ്റം. എന്നാൽ ജില്ലാ സ്പോർട്സ് കൗൺസിലുമായി കരാർ ഇല്ലെന്നിരിക്കെ സെലക്ഷൻ ട്രയൽസ് നടത്തുന്നതായി അനുമതി തേടിയില്ലെന്ന വിചിത്ര വാദമാണ് എം.എൽ എ ഉയർത്തിയിരിക്കുന്നത്.