മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസമേകി രാജ്യത്തെ വിവിധ ഇടങ്ങളിൽ മഴ തുടരുന്നു. ശക്തമായ കാറ്റും ഇടിയുമുണ്ട്. വിവിധ സ്ഥലങ്ങളിൽ വാദികളും നിറഞ്ഞൊഴുകുന്നു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ നിർദേശം നൽകി.
ഷിനാസ്, ലിവ, സീബ്, സഹം, ജബർ അഖ്ദർ, മുസന്ന, അൽ അവാബി, അൽഖൂദ് എന്നീ പ്രദേശങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. തലസ്ഥാന നഗരിയായ മസ്കത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കുതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെയാണ് മഴ പെയ്തുതുടങ്ങിയത്. ഉച്ചയോടെ ശക്തിയാർജിച്ചു. ഉൾഗ്രാമങ്ങളിലെ റോഡുകളിൽ വള്ളം കയറി നേരിയതോതിൽ ഗതാഗത തടസ്സവും നേരിട്ടു.
വരും ദിവസങ്ങളിലും മഴ തുടർന്നേക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. താഴ്ന്ന സ്ഥലങ്ങൾ, വാദികൾ എന്നിവിടങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അഭ്യർഥിച്ചു. കുട്ടികളെ നിരീക്ഷിക്കണമെന്നും പൊതുസുരക്ഷ മുൻനിർത്തി അവരെ ഒരിക്കലും വാദികൾ മുറിച്ചുകടക്കാൻ അനുവദിക്കരുതെന്നും നിർദേശിച്ചു.