വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. മിസോറി ചെസ്റ്റർഫീൽഡിൽ താമസിക്കുന്ന സായ് വർഷിത് കാണ്ടുല(19)യാണ് യു.എസ് പാർക്ക് പോലീസ് പിടികൂടിയത്.
വണ്ടിയിൽ നിന്ന് സ്വസ്തിക ചിഹ്നം പതിച്ച പതാക കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. ചുവപ്പും വെള്ളയും കറുപ്പും കലർന്നതാണ് പതാക. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ലഫായെറ്റ് സ്ക്വയറിന്റെ വടക്ക് വശത്തുള്ള സുരക്ഷാ ബാരിക്കേഡിൽ ട്രക്ക് ഇടിച്ചത്. വാഹനം മനപൂർവം ഇടിച്ചുകയറ്റിയതാണെന്നും സംഭവത്തിൽ ആർക്കും പരിക്കല്ലെന്നും യുഎസ് സീക്രട്ട് സര്‍വിസ് വക്താവ് ആന്റണി ഗുഗ്ലിയൽമി പറഞ്ഞു.
വൈറ്റ് ഹൗസ് ഗേറ്റിൽ നിന്ന് അൽപം അകലെയായിരുന്നു അപകടം നടന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന് റോഡും നടപ്പാതയും അടക്കുകയും സമീപത്തുള്ള ഹേ-ആഡംസ് ഹോട്ടൽ ഒഴിപ്പിക്കുകയും ചെയ്തു. അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൊലപ്പെടുത്താനോ തട്ടിക്കൊണ്ടുപോകാനോ ദേഹോപദ്രവം ഏൽപ്പിക്കാനോ ഉള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ സായ് വർഷിതിനെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.