മനാമ: ബഹ്റൈനും ഖത്തറിനുമിടയിൽ ദിവസവും മൂന്നു വീതം സർവിസുകൾ നടത്താൻ ഗൾഫ് എയറും ഖത്തർ എയർവേസും തീരുമാനം. ജൂൺ 14 വരെ ഓരോ സർവിസും ജൂൺ 15 മുതൽ മൂന്നു സർവിസുകളുമാണ് ഓരോ വിമാനക്കമ്പനികളും നടത്തുന്നത്. സർവിസുകൾ വർധിപ്പിക്കുമെന്ന് നേരത്തേ ഗൾഫ് എയർ അറിയിച്ചിരുന്നു.
2017ലെ ഗൾഫ് ഉപരോധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം നിലച്ചതോടെ യാത്രാമാർഗങ്ങളും അവസാനിച്ചു. തുടർന്ന്, ഉപരോധം നീങ്ങിയിട്ടും ഖത്തറും ബഹ്റൈനും തമ്മിലെ ബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. കഴിഞ്ഞമാസം നടന്ന ജി.സി.സി ഫോളോഅപ് കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനം എടുത്തത്.
അതിന്റെ തുടർച്ചയായാണ് വിമാന സർവിസും പുനരാരംഭിക്കാൻ തീരുമാനിച്ചത്. 25 മുതൽ ഓരോ സർവിസ് വീതം ആരംഭിക്കുമെന്ന് ഗൾഫ് എയറും ഖത്തർ എയർവേസും അറിയിച്ചിരുന്നു. ബഹ്റൈൻ-ദോഹ 50 മിനിറ്റാണ് യാത്രാദൈർഘ്യം.