തിരുവനന്തപുരം: സിനിമയിലെ കഥകളും സിനിമയ്ക്കുള്ളിലെ കഥകളും പങ്കുവച്ച് കുട്ടിക്കൂട്ടത്തോടൊപ്പം വേനലവധി ആഘോഷമാക്കി നടൻ മണിയൻപിള്ള രാജു. കുട്ടികളിലെ സർഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും വൈലോപ്പിള്ളി സംസ്കൃതി ഭവൻ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനലിന്റെ രണ്ടാംദിനത്തിലാണ് കുട്ടികളോട് സംവദിക്കാൻ നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവെത്തിയത്. സിനിമയിലെ നർമ മുഹൂർത്തങ്ങളുടെ പിന്നാമ്പുറക്കഥകൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. നാടൻ പാട്ടുകളും കളികളുമായി അദ്ദേഹം കുട്ടിക്കൂട്ടത്തോടൊപ്പം ഏറെ നേരം ചെലവഴിച്ചു.”മുന്നോട്ട് തന്നെ നടക്കാനും മുന്നോട്ടേ നടക്കാവൂ’ എന്നും കുട്ടികളെ ഉപദേശിച്ചു. മിഠായി വിതരണവും നടത്തി , കുട്ടികൾക്കൊപ്പം ഊഞ്ഞാലും ആടിയിട്ടാണ് അദ്ദേഹം മടങ്ങിയത്. തുടർന്നു പ്രമുഖ ഗവേഷകനും വിവര സാങ്കേതിക വിദഗ്ധനുമായ പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ്. നായർ ക്ലാസെടുത്തു. ഉച്ചയ്ക്ക് ശേഷം കോമഡി സ്റ്റാർ ഫെയിം ശിവമുരളി കുട്ടികൾക്കൊപ്പം ചേർന്നു.
ഇന്ന് ഡോ. രാജാവാര്യർ, നർത്തകി ഡോ.സിത്താര ബാലകൃഷ്ണൻ, കവി സുമേഷ് കൃഷ്ണൻ, ഗായകൻ പദ്മകുമാർ എന്നിവർ കുട്ടികളോടൊപ്പം ചേരും. 25 ന് ക്യാമ്പ് അംഗങ്ങൾ നിർമിക്കുന്ന ഷോർട്ട് റോഡ് മൂവി ചിത്രീരകരണത്തിന്റെ ഭാഗമായുള്ള യാത്ര. 26 ന് ഡോ. എസ് .ഗീത ക്ലാസെടുക്കും. വൈകിട്ട് നാലിന് വിവിധ കലാപരിപാടികളോടെ ക്യാമ്പ് സമാപിക്കും.