കൊച്ചി: കൊച്ചിയിൽ യുവാവിനെ ഇടിച്ചിട്ട ശേഷം പൊലീസ് ഉദ്യോഗസ്ഥൻ വാഹനം നിർത്താതെ പോയ സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട കടവന്ത്ര സിഐയായ മനു രാജ് വാഹനം നിർത്താതെ മുന്നോട്ട് പോകുകയായിരുന്നുവെന്ന് കണ്ടെത്തി. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ചില യുവാക്കൾ ബൈക്കിൽ പിന്നാലെയെത്തിയാണ് കടവന്ത്ര സിഐയായ മനു രാജിനെ തടഞ്ഞ് നിർത്തിയത്. ഈ സംഭവങ്ങളെല്ലാം പതിഞ്ഞ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്ത് വന്ന ശേഷം തോപ്പുംപടി പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വ്യക്തമായതോടെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. മട്ടാഞ്ചേരി അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
കേസിൽ പൊലീസ് ഇന്ന് മൊഴിയെടുക്കൽ ആരംഭിക്കും. എസ് എച്ച് ഒ മനുരാജിനെയും കാറിന്റെ ഉടമസ്ഥയായ വാഹനത്തിലുണ്ടായിരുന്ന കൊച്ചി സ്വദേശി ഡോക്ടറെയും ദൃക്സാക്ഷികളിൽ നിന്നും തോപ്പുംപടി പൊലീസ് മൊഴി എടുക്കും. ഇതിന് ശേഷം കേസിൽ കൂടുതൽ വകുപ്പ് ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന രീതിയിൽ ഇടിച്ചിട്ടും കാർ നിർത്താതെ പോയ സിഐ മനുരാജിനെ കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റി ഡിജിപി ഉത്തരവിട്ടിരുന്നു.