വിഴിഞ്ഞം: സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അനധികൃതമായികുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ ഒൻപതംഗ സംഘവുമായി മത്സ്യബന്ധന ബോട്ടിൽ കടലിൽ നടത്തിയ ഉല്ലാസ സവാരി തടഞ്ഞ് പോലീസ്. മത്സ്യബന്ധന വള്ളമാണ് വിഴിഞ്ഞം തീരദേശ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വിഴിഞ്ഞം സ്വദേശി യൂജിന്റെ അശ്വൻ – ജാസ്മിൻ എന്ന വള്ളമാണ് പിടികൂടിയിരിക്കുന്നത്.
പത്ത് വയസിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘമാണ് ഉല്ലാസ യാത്രക്ക് ഉണ്ടായിരുന്നത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ നീങ്ങുന്ന മത്സ്യബന്ധന വള്ളം ശ്രദ്ധയിൽപ്പെട്ട തീരദേശ പൊലീസിന്റെ പട്രോൾ ബോട്ട് സംഘം ഇവരെ തടഞ്ഞ് നിർത്തി. തുടർന്ന് കാര്യങ്ങൾ തിരക്കിയ പൊലീസ് വള്ളം തീരത്തടുപ്പിക്കാൻ നിർദ്ദേശം നൽകി.
വള്ളം ഓടിച്ചിരുന്ന വിഴിഞ്ഞം പുതിയ പള്ളിക്ക് സമീപം താമസിക്കുന്ന ജോയി, കടയ്ക്കുളം സ്വദേശി ടോണി എന്നിവർക്കെതിരെ കേസെടുത്ത ശേഷം തുടർ നടപടിക്കായി മറൈൻ എൻഫോഴ്സ്മെന്റിന് വള്ളം കൈമാറി. ശക്തമായകാറ്റും കടൽ ക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ള സമയത്താണ് അനധികൃത ഉല്ലാസ യാത്ര നടത്തിയതെന്നതാണ് ശ്രദ്ധേയം. എസ്.ഐ. ഗിരീഷ്, ഗ്രേഡ് എസ്.ഐ. അജയകുമാർ , സി.പി. ഒ. അഖിലേഷ് , കോസ്റ്റൽ വാർഡൻ സാദിഖ്, ജഗൻ നെൽസൺ, ഷിബു എന്നിവർ ചേർന്നാണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്.