ഇടുക്കി: മുക്കുപണ്ടം നൽകി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായ സംഘത്തിന് വ്യാജ സ്വര്‍ണം നിര്‍മ്മിച്ച് നൽകിയ പ്രതികൾ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തന്‍വീട്ടില്‍ കുട്ടപ്പന് (60), കോതമംഗലം ചേലാട് കരിങ്ങഴ വെട്ടുപറമ്പില്‍ റെജി (51) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പീരുമേട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.
കേസില്‍ മുഖ്യപ്രതിയായ കുട്ടപ്പനാണ് തട്ടിപ്പ് സംഘത്തിന് മുക്കുപണ്ടം എത്തിച്ചു നൽകിയിരുന്നത്. റെജിയാണ് കുട്ടപ്പന് വ്യാജ ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കുട്ടപ്പന്റെയും റെജിയുടെയും പേരില്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയെന്ന് കേസുകളുണ്ടെന്നും കുട്ടപ്പന് വാഹന മോഷണക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.