മുംബൈ: കുഴിയില്ലാത്ത റോഡുകൾ ഉറപ്പാക്കുന്നതിനായി താനെ നഗരസഭ പുതിയ തീരുമാനം നടപ്പാക്കുന്നു. ഇനി മുതൽ റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരനിൽ നിന്നും പിഴയായി ഈടാക്കാനാണ് താനെ നഗരസഭയുടെ തീരുമാനം. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്.
‘‘റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കുന്നത് മാത്രമല്ല ശ്രദ്ധിക്കുന്നത്. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്. പുതിയതായി നിർമ്മിക്കുന്ന റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരൻ പിഴയായി നൽകണമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് നിലവാരം കുറഞ്ഞ നിർമ്മാണത്തിന് തടയിടുമെന്ന് പ്രതീക്ഷിക്കുന്നു
റോഡുകളുടെ നിലവാരം കുറഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും. നഗരത്തിൽ എവിടെയെങ്കിലും വെള്ളം കെട്ടിക്കിടന്നാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരും. അതേസമയം നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ ഉദ്യോഗസ്ഥരെ അനുമോദിക്കും’’ – ഷിൻഡെ അറിയിച്ചു.