ശ്രീകണ്ഠപുരം: വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന നിരക്കിൽ വൻവർധന. വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ പ്രവേശനത്തിന് മുതിർന്നവർക്ക് 60 രൂപയാണ് പുതിയ നിരക്ക്.
കുട്ടികൾക്ക് 20ഉം വിദേശികൾക്ക് 250ഉം കാമറക്ക് 150 രൂപയുമാണ് പുതിയ നിരക്ക്. നേരത്തെ യഥാക്രമം 30, 15, 100, 40 എന്നിങ്ങനെയായിരുന്നു പ്രവേശന ടിക്കറ്റിന് വാങ്ങിയിരുന്നത്. പൈതലിനോട് ചേർന്നുള്ള മഞ്ഞപ്പുല്ല്, പൊട്ടൻ പ്ലാവ് എന്നിവിടങ്ങളിൽ പ്രവേശന നിരക്ക് 50 രൂപയാക്കി ഉയർത്തി.
മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലും ടിക്കറ്റ് നിരക്ക് കൂട്ടി. കാഞ്ഞിരക്കൊല്ലിയിലെ അളകാപുരിവെള്ളച്ചാട്ടം, ശശിപ്പാറ, കൊട്ടിയൂർ പാലുകാച്ചിമല എന്നിവിടങ്ങളിൽ 50 രൂപയാണ് പുതുക്കിയ നിരക്ക്.
നിരക്ക് വർധനയിലൂടെ സഞ്ചാരികളെ കൊള്ളയടിക്കാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കണ്ണവത്ത് ചേർന്ന വനംവകുപ്പ് വികസന ഏജൻസി യോഗമാണ് പ്രവേശന നിരക്ക് വൻതോതിൽ കുട്ടാൻ തീരുമാനമെടുത്തത്.
അതേസമയം ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പ്രവേശന നിരക്ക് കൂട്ടിയതെന്നും പുതിയനിരക്ക് 2015ൽ തീരുമാനിച്ചതാണെന്നും നടപ്പാക്കാൻ വൈകിയതാണെന്നും വനം അധികൃതർ പറഞ്ഞു.
കണ്ണവത്ത് ചേർന്ന യോഗത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ, ഡി.എഫ്.ഒ പി. കാർത്തിക്, വിവിധ റേഞ്ച് ഫോറസ്റ്റർമാരായ പി. രതീശൻ, സുധീർ നാരോത്ത്, അഖിൽ നാരായണൻ എന്നിവരും കൃഷി, തദ്ദേശ സ്വയംഭരണ അധികൃതരും പങ്കെടുത്തിരുന്നു.
ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക് കുട്ടികൾക്ക് പ്രവേശന നിരക്കിൽ വിനോദ സഞ്ചാര വകുപ്പ് ഇളവ് നൽകിയിട്ടുണ്ട്. 100 രൂപയായിരുന്ന പ്രവേശന ടിക്കറ്റ് നിരക്ക് 50 രൂപയായി കുറച്ചു. ഇവിടെ മുതിർന്നവർക്ക് പഴയ നിരക്കായ 100 രൂപ തന്നെയാണ് നിലവിലെ പ്രവേശന നിരക്ക്.