റിയാദ്: സൗദി അറേബ്യയിലെ യുവസമൂഹത്തിന്റെ ശാസ്ത്ര ജ്ഞാനം വർധിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ‘ഇൽമി’ (എന്റെ അറിവ്) എന്ന പേരിൽ പുതിയ ശാസ്ത്ര സാങ്കേതിക കേന്ദ്രം ഒരുക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ പത്നി അമീറ സാറാ ബിൻത് മശ്ഹൂർ ബിൻ അബ്ദുൽ അസീസാണ് പുതിയ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. റിയാദിലെ മുഹമ്മദ് ബിൻ സൽമാൻ നോൺ പ്രോഫിറ്റ് സിറ്റിയിലാണ് ഇൽമി സെന്റർ സ്ഥാപിക്കുന്നത്. ‘സ്ട്രീം’ എന്ന ചുരുക്കപ്പേർ നൽകിയിട്ടുള്ള പദ്ധതി സയൻസ്, ടെക്നോളജി, റീഡിങ്, എൻജിനീയറിങ്, ആർട്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ സൗദി യുവതയെ പ്രാപ്തമാക്കുന്നതാണ്. സർഗാത്മകമായ പഠനത്തിന്റെയും പ്രവേശനക്ഷമതയുടെയും ഒരു വഴിവിളക്കായിരിക്കും ഇൽമി സെന്ററെന്ന് അമീറ സാറയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്ത ഏജൻസി എസ്.പി.എ റിപ്പോർട്ട് നൽകി.
27,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പണികൾ പുരോഗമിക്കുന്ന സെന്റർ 2025ൽ പ്രവർത്തനമാരംഭിക്കും. പ്രകൃതിദത്തമായ ചുറ്റുപാടിൽ വിപുലമായ സ്ഥലസൗകര്യങ്ങളിൽ ഒരുക്കുന്ന കേന്ദ്രം നഗരത്തിന്റെ പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുമെന്നാണ് വിലയിരുത്തൽ. സൗദി യുവസമൂഹത്തെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ വളർത്തിയെടുക്കാനും വെല്ലുവിളികളെ നേരിടുന്നതിൽ പ്രചോദനം നൽകാനും ഒപ്പം അവരെ ശാക്തീകരിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.
സൗദി അറേബ്യയിലുടനീളമുള്ള എല്ലാ ചെറുപ്പക്കാർക്കും പഠിതാക്കൾക്കും അവരുടെ കഴിവുകൾ തിരിച്ചറിയാനും കൂടുതൽ മുന്നേറ്റം നടത്താനും ഭാവി രൂപപ്പെടുത്താനും ഇൽമി അവസരമൊരുക്കുമെന്ന് അമീറ സാറ പറഞ്ഞു. മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷന്റെ (മിസ്ക്) ഉപസ്ഥാപനങ്ങളിലൊന്നായി നിലവിൽ വരുന്ന ‘ഇൽമി’ ഒരു ജനസേവന സർക്കാറിതര സംരംഭമായിരിക്കും. നമ്മുടെ ലോകം, നമ്മുടെ സ്വത്വം, നമ്മുടെ കണ്ടുപിടിത്തങ്ങൾ എന്നീ മൂന്ന് പ്രധാന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്ഥിരമായ പ്രദർശനങ്ങൾ കേന്ദ്രം സംഘടിപ്പിക്കും. കൂടാതെ, അന്തരീക്ഷം, ആവാസ വ്യവസ്ഥ, നിർമിതബുദ്ധി എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.