ദോഹ: തിങ്കളാഴ്ച ആരംഭിച്ച റിയാദ് ട്രാവൽ മേളയിൽ സജീവ സാന്നിധ്യമായി ഖത്തർ ടൂറിസത്തിന്റെ പങ്കാളിത്തം. ചൊവ്വ, ബുധൻ ദിവസങ്ങളിലായി റിയാദ് ഇന്റര്‍നാഷനല്‍ കൺവെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടക്കുന്ന 13ാമത് റിയാദ് ട്രാവല്‍ മേളയില്‍ ഖത്തറിന്റെ വിനോദ മേഖലയെ പരിചയപ്പെടുത്തുന്ന പദ്ധതികളുമായാണ് ഖത്തർ ടൂറിസം എത്തുന്നത്. 10 ഹോസ്പിറ്റാലിറ്റി പങ്കാളികളാണ് പ്രതിനിധി സംഘത്തിലുള്ളത്. ഖത്തറിന്റെ ആതിഥേയ മേഖലയിലെ പുത്തന്‍ വികസനങ്ങളും രാജ്യത്തിന്റെ ആകര്‍ഷകമായ അടിസ്ഥാന സൗകര്യങ്ങളുമാണ് ഖത്തര്‍ പവിലിയനിലെത്തുന്ന സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. കൂടാതെ ഖത്തറിലെ വേനല്‍ക്കാല കാഴ്ചകളുടെ ഗൈഡും ട്രാവല്‍ മേളയില്‍ പ്രകാശനം ചെയ്യും.
55 രാജ്യങ്ങളിൽനിന്നായി 314 ഏജൻസികളാണ് പ്രദർശനത്തിൽ പങ്കാളികളാകുന്നത്. ഈ വര്‍ഷം ഇതു രണ്ടാമത്തെ തവണയാണ് സൗദിയില്‍ നടക്കുന്ന സുപ്രധാന ട്രാവല്‍ പ്രദര്‍ശനങ്ങളില്‍ ഖത്തര്‍ ടൂറിസം പങ്കാളിയായിരിക്കുന്നത്. ഖത്തറിലേക്കുള്ള സൗദി സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഖത്തറിലേക്കെത്തിയ സന്ദര്‍ശകരില്‍ ഖത്തറിന്റെ കര അതിര്‍ത്തിയായ അബു സംറയിലൂടെ റോഡുമാര്‍ഗം എത്തിയത് 8,92,000 പേരാണ്. ലോകകപ്പ് ഫുട്ബാൾ, ഈദ് അവധി ഉൾപ്പെടെ ആഘോഷ വേളയിൽ ജി.സി.സിയിൽ നിന്നും ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും ഖത്തറിൽ നിന്നായിരുന്നു.