നമ്മള് കഴിക്കുന്ന ഭക്ഷണം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാലാണ് പോഷകസമ്പന്നമായ ഭക്ഷണം കഴിക്കണമെന്ന് എല്ലായ്പോഴും ഡോക്ടര്‍മാര്‍ അടക്കം നിർദ്ദേശം നൽകുന്നത്.
ഇത്തരത്തില്‍ ‘ഹെല്‍ത്തി’യായ ഭക്ഷണമായി ധാരാളം പേര് കണക്കാക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഒന്നാണ് മുട്ട. ഇത് തയ്യാറാക്കാൻ എളുപ്പമാണ് എന്നതിനാലും ഒരുപാടാളുകള്‍ പതിവായി മുട്ട കഴിക്കാറുണ്ട്. ഇത്രയും വിലക്കുറവില്‍ ഇത്രമാത്രം പോഷകസമൃദ്ധമായ മറ്റൊരു വിഭവവും ലഭിക്കാറില്ല എന്നതും മുട്ടയെ കൂടുതല്‍ ജനകീയമായ ‘ഹെല്‍ത്തി’ ഭക്ഷണമാക്കി നിലനിര്‍ത്തുന്നു.
എന്നാല്‍ മുട്ട കഴിക്കാത്തവരാണെങ്കില്‍ അവര്‍ ഇതിന് പകരമായി എന്തുകഴിക്കണം? മുട്ടയോളം പ്രോട്ടീൻ ലഭിക്കുന്ന പച്ചക്കറികള്‍ ഏതെല്ലാമാണ്? അക്കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
മുട്ടയ്ക്ക് പകരം കഴിക്കാവുന്ന പച്ചക്കറികള്‍ ഇവ…
ചീര, പീസ്, കൂണ്, ബ്രൊക്കോളി, കോളിഫ്ളവര്‍ എന്നിവയാണ് മുട്ടയ്ക്ക് വളരെ എളുപ്പത്തില്‍ പകരം വയ്ക്കാവുന്ന പച്ചക്കറികള്‍. ഇവയെല്ലാം തന്നെ പ്രോട്ടീനിനാലാണ് സമ്പന്നം. നമുക്കറിയാം മുട്ട കഴിക്കുന്നതും പ്രധാനമായും പ്രോട്ടീൻ ലഭിക്കുന്നതിനാണ്. അതിനാല്‍ തന്നെ മുട്ടയ്ക്ക് പകരം വയ്ക്കുന്ന പച്ചക്കറികളാകുമ്പോള്‍ പ്രോട്ടീൻ അടങ്ങിയവ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്.
മുട്ട കഴിക്കാത്തവരാണെങ്കില്‍ മുകളില്‍പ്പറഞ്ഞ ഭക്ഷണസാധനങ്ങളെല്ലാം പതിവ് ഡയറ്റില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്.
എന്തുകൊണ്ട് ഇവ കഴിക്കണമെന്ന് പറയുന്നു?
മുട്ട കഴിക്കുന്നില്ലെങ്കില്‍, കഴിക്കേണ്ട- പക്ഷേ അതിന് പകരമായി മറ്റെന്തെങ്കിലും കഴിക്കേണ്ട കാര്യമെന്ത് എന്ന് ചിന്തിക്കുന്നവരും കാണും. നേരത്തേ പറഞ്ഞത് പോലെ പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് മുട്ട. അത് കഴിച്ചില്ലെങ്കില്‍ നമുക്ക് പ്രോട്ടീൻ നഷ്ടം തന്നെയാണ് പ്രധാനമായും ഉണ്ടാവുക.
ഇങ്ങനെ പ്രോട്ടീൻ കുറഞ്ഞുപോകുന്നത് പല പ്രശ്നങ്ങളിലേക്കും നമ്മെ നയിക്കാം. പേശികളില്‍ ബലക്കുറവ്- ആരോഗ്യക്കുറവ്,ദഹനപ്രശ്നങ്ങള്‍, ശരീരഭാരം ബാലൻസ് ചെയ്യാൻ സാധിക്കാതിരിക്കല്‍, മുടിയുടെയോ ചര്‍മ്മത്തിന്റെയോ ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി പല പ്രയാസങ്ങളും പ്രോട്ടീൻ കുറവായാല്‍ നേരിടാം. അതിനാല്‍ പ്രോട്ടീൻ അത്രമാത്രം പ്രധാനം തന്നെയെന്ന് മനസിലാക്കുക.
പ്രത്യേകിച്ച് കൗമാരക്കാരില്‍ വളര്‍ച്ചയ്ക്ക് പ്രോട്ടീൻ അത്യാവശ്യമാണ്. അതിനാല്‍ ഈ പ്രായക്കാര്‍ മുട്ട കഴിക്കുന്നില്ലെങ്കില്‍ അത് തീര്‍ച്ചയായും പരിഹാരം കാണേണ്ട ഡയറ്റ് പ്രശ്നം തന്നെയാകും.