ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ഇന്നു മുതല്‍ മാറ്റിയെടുക്കാം. വിവിധ ബാങ്ക് ശാഖകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫീസുകള്‍ വഴിയും കറന്‍സി മാറ്റിയെടുക്കാവുന്നതാണ്. നോട്ടു മാറാനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ല. ഒരേസമയം പത്ത് നോട്ടുകള്‍ മാത്രമേ മാറ്റി വാങ്ങാനാകുകയുള്ളൂ. സെപ്റ്റംബര്‍ 30 വരെയാണ് നോട്ട് മാറ്റാനുള്ള സമയം.
ബാങ്കിന്റെ എല്ലാ കൗണ്ടറുകളിലും നോട്ടുമാറാന്‍ സൗകര്യം ഒരുക്കണമെന്ന് നിര്‍ദേശമുണ്ട്. നോട്ട് മാറാന്‍ വരുന്നവര്‍ക്കായി തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി.
തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം സമയം നീട്ടി നല്കുന്നതില് ആര്‍ബിഐ തീരുമാനമെടുക്കും. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
നോട്ടുകള്‍ മാറ്റി നല്കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങള്‍ ബാങ്കുകള്‍ അതത് ദിവസം സൂക്ഷിക്കണം. ആര്‍ബിഐ നല്കുന്ന ഫോര്‍മാറ്റില്‍ വേണം ഡേറ്റ സൂക്ഷിക്കേണ്ടത്. 2000 രൂപ നോട്ടിന്റെ വിതരണം ബാങ്കുകള്‍ ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും ആർബിഐ ബാങ്കുകൾക്ക് നൽകിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.