കൊച്ചി : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും 1,20,000/- രൂപ പിഴയും. കൊല്ലം പരവൂർ ചിറക്കത്തഴം കരയിൽ കാറോട്ട് വീട്ടിൽ അനിൽകുമാറിനെയാണ് (55 ) എറണാകുളം പോക്സോ കോടതി ജഡ്ജി ശ്രീ കെ. സോമൻ ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിൽ ആയിരുന്നു കേസ്സിന് ആസ്പദമായ സംഭവം നടന്നത്.
പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തു വന്നിരുന്ന ഫ്ലാറ്റിൽ വാടകക്ക് താമസിച്ചിരുന്ന കുട്ടിയെ പ്രതി താമസിക്കുന്ന സെക്യൂരിറ്റി ക്യാബിനകത്തേക്ക് തന്ത്രപൂർവ്വം വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഭയന്നുപോയ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് കാര്യങ്ങൾ പുറംലോകം അറിഞ്ഞത്. തുടർന്ന് കുട്ടിയുടെ മൊഴിയിൽ പോലീസ് കേസെടുക്കുകയും പ്രതിയെ അതിവേഗം അറസ്റ്റ് ചെയ്യുകയും ആയിരുന്നു . ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും ആറോളം വകുപ്പുള്ളാണ് പ്രതിയെ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. ഫ്ലാറ്റിൽ താമസിക്കുന്ന ആൾക്കാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി തന്നെ ഇത്തരത്തിലുള്ള ഒരു ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാൽ യാതൊരു ദയയും പ്രതി അർഹിക്കുന്നില്ല എന്നതിലാണ് ഇത്തരത്തിലുള്ള കനത്ത ശിക്ഷ നൽകുന്നതെന്ന് കോടതി വിധി ന്യായത്തിൽ വ്യക്തമാക്കി . പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക കുട്ടിക്ക് നൽകുവാനും കോടതി ഉത്തരവിട്ടു.
ജീവിതാന്ത്യം തടവ് കൂടാതെ മറ്റു വകുപ്പുകളിൽ 16 വർഷം കഠിനതടവ് വേറെയും വിധിച്ചിട്ടുണെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.ഇൻഫോപാർക്ക് സി ഐ ആയിരുന്ന പി കെ രാധാമണി ,എസ് ഐ എ എൻ ഷാജു തുടങ്ങിയവരാണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.