തിരുവനന്തപുരം: വേനലവധി വിരസമാക്കാതെ അറിവിന്റെ പെരുമഴക്കാലം തീർത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ” വിജ്ഞാന വേനലി’ന് പ്രൗഢമായ തുടക്കം. കളിചിരികളും പാട്ടും നടനവുമായി കുട്ടിക്കൂട്ടം ഒത്തു ചേർന്നു. കുട്ടികളിലെ സർഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വൈലോപ്പിള്ളി സംസ്കൃതിഭവൻ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ “വിജ്ഞാനവേനൽ’ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടറും മജീഷ്യനുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. നല്ല ശീലങ്ങൾ വളർത്തി ദുഃശീലങ്ങളെ അകറ്റി നിർത്തണമെന്നും നാടിന് നല്ലവരായി വളരണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. തുടർന്ന് സംസ്കൃതി ഭവനു മുന്നിലെ മരച്ചോട്ടിൽ തയാറാക്കിയ ചുവരിൽ ലഹരിവിരുദ്ധ സന്ദേശം കുറിച്ച് കുട്ടിക്കൂട്ടത്തിന് പേന കൈമാറി. തുടർന്ന് സന്ദേശങ്ങൾ നിറച്ച് കുട്ടികൾ സർഗാത്മക ചുവരാക്കി മാറ്റി. വാക്കുകളുടെ പൂമരം തീർത്ത് സംസ്കൃതി ഭവൻ വൈസ് ചെയർമാനും ഗ്രാൻഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപ് ക്യാമ്പിന് തുടക്കമിട്ടു. ക്യാമ്പ് കോർഡിനേറ്റർ ബ്രഹ്മനായകം മഹാദേവൻ, കാർട്ടൂണിസ്റ്റ് ഹരി ചാരുത എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്ന് നാടൻപാട്ട് കലാകാരൻ സുരേഷ് സോമ നയിച്ച പരുന്താട്ടം അരങ്ങേറി. ഇന്ന് ഡോ. അച്യുത് ശങ്കർ എസ്. നായർ, ബി. നീലകണ്ഠൻ നായർ, ജി. ഹരികൃഷ്ണൻ, കെ.വി. മനോജ് കുമാർ എന്നിവർ പങ്കെടുക്കും. നാളെ ഡോ. രാജാവാര്യർ, നർത്തകി ഡോ.സിത്താര ബാലകൃഷ്ണൻ, കവി സുമേഷ് കൃഷ്ണൻ, ഗായകൻ പദ്മകുമാർ എന്നിവർ കുട്ടികളോടൊപ്പം ചേരും. 25 ന് ക്യാമ്പ് അംഗങ്ങൾ നിർമിക്കുന്ന ഷോർട്ട് റോഡ് മൂവി ചിത്രീരകരണത്തിന്റെ ഭാഗമായുള്ള യാത്ര. 26 ന് ഡോ. എസ് .ഗീത ക്ലാസെടുക്കും. വൈകിട്ട് നാലിന് വിവിധ കലാപരിപാടികളോടെ ക്യാമ്പ് സമാപിക്കും.