തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ നേതാവിന്റെ ആള്‍മാറാട്ടത്തില്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ പ്രൊഫ. ജി ജെ ഷൈജുവിനെ സസ്പെന്‍ഡ് ചെയ്തു. കോളജ് മാനേജ്മെന്റാണ് നടപടിയെടുത്തത്.
പൊലീസ് കേസെടുത്തതിന്റെയും സര്‍വകലാശാല നിര്‍ദേശവും പരിഗണിച്ചാണ് മാനേജ്മെന്റ് നടപടി. പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല മാനേജ്മെന്റിന് കത്തു നല്‍കിയിരുന്നു.
പ്രിന്‍സിപ്പലിനെതിരെ നടപടി എടുത്തില്ലെങ്കില്‍ കോളജിന്റെ അഫിലിയേഷന് റദ്ദാക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഷൈജു ഒളിവിൽ പോയി. കോളജിന്റെ പുതിയ പ്രിന്‍സിപ്പല്‍ ആയി ഡോ. എന്‍കെ നിഷാദിനെ നിയമിച്ചിട്ടുണ്ട്.
പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ കാട്ടാക്കട ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറി വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്കിയപ്പോള്, അനഘയ്ക്ക് പകരം വിശാഖിന്റെ പേര് നല്‍കുകയായിരുന്നു. ആൾമാറാട്ടം വിവാദമായതിന് പിന്നാലെ എസ്എഫ്ഐയും സിപിഎമ്മും വിശാഖിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.