തിരുവനന്തപുരം: ‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം കെ-ഫോൺ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിലവിൽ 18,000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. ജ്ഞാന സമ്പദ് വ്യവസ്ഥയിൽ ഊന്നുന്ന നവകേരള നിർമിതിക്കായുള്ള പരിശ്രമത്തിന്അടിത്തറയൊരുക്കുന്ന പദ്ധതിയായി കെ-ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ-ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെ ഇടതുസർക്കാറിന്റെ ജനകീയ ബദൽ കൂടിയാണ്. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
കെ-ഫോൺ പദ്ധതിക്ക് അടിസ്ഥാനസൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ഇന്റർനെറ്റ് സർവിസ് പ്രൊവൈഡർ കാറ്റഗറി ബി യൂനിഫൈഡ് ലൈസൻസും നേരേത്ത ലഭ്യമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.