കൂവപ്പടി ജി. ഹരികുമാർ (പെരുമ്പാവൂർ)
മൊബൈൽ: 8921918835
പെരുമ്പാവൂർ: ആധുനിക വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭനായ ഒരു ഡോക്ടർ മാത്രമായിരുന്നില്ല പെരുമ്പാവൂരുകാർക്ക്
ഡോ. കെ.എ. ഭാസ്കരൻ. അൻപതുവർഷത്തോളം പട്ടണത്തിലെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, രാഷ്ട്രീയരംഗങ്ങളിൽ പ്രസരിപ്പോടെ പ്രവർത്തിയ്ക്കുകയും സാധാരണക്കാരുടെ ബഹുമാനാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു ഡോക്ടർ ഭാസ്കരൻ എന്നു നിസ്സംശയം പറയാം. മനസ്സിലെ നന്മയും സർക്കാർ സർവ്വീസിലിരുന്ന് നേടിയ ചികിത്സാപ്രാവീണ്യവും കൈപ്പുണ്യവും ഒത്തുചേർന്ന ഉത്തമനായ ഒരു ഭിഷഗ്വരൻ, അതായിരുന്നു ഭാസ്കരൻ ഡോക്ടർ. ഉദ്യോഗമുപേക്ഷിച്ച് സ്വന്തമായി പെരുമ്പാവൂരിൽ ഒരു മിഷനാശുപത്രി തുടങ്ങുന്നതിന് അദ്ദേഹത്തിനെ പ്രേരിപ്പിച്ചതു തന്നെ നന്മയുള്ള ഒരു മനസ്സിനുടമയായതിനാലാണ് എന്ന് പഴയതലമുറയും പുതിയതലമുറയും തിരിച്ചറിഞ്ഞിരുന്നു. സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ ചികിത്സലഭ്യമാകുന്ന ആശുപത്രിയാണ് പെരുമ്പാവൂർ കെ.എസ്. ആർ.ടി.സി. റോഡിലെ എസ്.എൻ. മിഷൻ ഹോസ്പിറ്റൽ. ആശുപത്രിയോടടുത്തുതന്നെ താമസിക്കുന്ന ഡോക്‌ടറുടെ സേവനം ഏതു പാതിരാത്രിയിലും ലഭിക്കുമായിരുന്നു. സാമ്പത്തിക പരിഗണനകൾ നോക്കാതെ ഏതൊരാൾക്കും ചികിത്സലഭ്യമാക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടായിരുന്നു ആശുപത്രി ആരംഭിച്ചത്. പ്രായാധിക്യം മൂലം കുറേവർഷങ്ങളായി വിശ്രമജീവിതത്തിൽ ആയിരുന്നു. 2015-ൽ ആശാൻ സ്മാരക സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ഫൈൻആർട്ട്സ് ഹാളിൽ വച്ച് ഗംഭീര ആദരമാണ് നൽകിയത്.
ശാരീരികാസ്വസ്ഥതകളോടെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട ഡോക്ടറുടെ മരണം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു. 83 വയസ്സുണ്ടായിരുന്നു. കുഴൂർ കക്കട്ടിൽ വീട്ടിൽ അയ്യപ്പന്റേയും മണിയമ്മയുടെയും അഞ്ചുമക്കളിൽ ഇളയ മകനായ ഡോക്ടർ ഭാസ്കരൻ ഇടതുപക്ഷ പ്രത്യശാസ്ത്രങ്ങളിൽ അടിയുറച്ചയാളായിരുന്നു. പെരുമ്പാവൂരിൽ സി.പി.ഐ. (എം) ഏരിയാ കമ്മിറ്റിയംഗം ആയിരുന്ന അദ്ദേഹത്തിന് പാർട്ടി, നഗരസഭാ ചെയർമാൻ സ്ഥാനം നൽകിയിരുന്നു. കല ആർട്ട്സ് സൊസൈറ്റിയിലും ആശാൻ സ്മാരക സാഹിത്യവേദിയിലും പ്രസിഡന്റായിരുന്നിട്ടുണ്ട്. പെരുമ്പാവൂർ അക്ഷരശ്ലോകസമിതിയുടെ രക്ഷാധികാരി, റോട്ടറി ക്ലബ്ബ് സ്ഥാപക പ്രസിഡന്റ്, ഇന്ത്യൻ മെഡിയ്ക്കൽ എജ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെയും പരിസരങ്ങളിലെയും പഴമക്കാരുടെ മാത്രം ഓർമ്മയിലുള്ള ആദ്യകാല ഇംഗ്ലീഷ് ഭിഷഗ്വരന്മാരുടെ ഒടുവിലത്തെ കണ്ണിയാണ് ഭാസ്കരൻ ഡോക്ടർ എന്നു പറയാം. മെഡിക്കൽ എത്തിക്സിനു വിരുദ്ധമായി പ്രവർത്തിയ്ക്കാത്തവരുടെ കൂട്ടത്തിലാലായിരുന്നു ഡോക്ടറും. ഡോക്ടർ – രോഗീബന്ധം ഊഷ്മളമായി കാത്തു സൂക്ഷിച്ച പെരുമ്പാവൂരിലെ ചികിത്സാരംഗത്തെ ആദ്യതലമുറ കുഞ്ഞൻപിള്ള ഡോക്ടറിൽ നിന്നു തുടങ്ങുന്നു. പിന്നെ വന്നതാകട്ടെ ഡോ. എസ്.പി. കുറുപ്പദ്ദേഹം. അന്നത്തെ സ്വകാര്യ
പ്രാക്ടീസുകാരായിരുന്നു ഇവരെല്ലാം. അതിനുശേഷം റ്റി.എം. വർക്കി ഡോക്‌ടർ. അക്കാലത്ത് സർക്കാർ സർവ്വീസിലെ പ്രശസ്തൻ
ദാമോദരൻ പിള്ളയദ്ദേഹമായിരുന്നു. ഇവരുടെയൊക്കെ പിന്തുടർച്ചക്കാരൻ എന്ന നിലയിലായിരുന്നു ഭാസ്കരൻ ഡോക്ടറും പെരുമ്പാവൂരിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഭാർഗ്ഗവിയാണ് ഭാര്യ. ഏക മകൻ ഡോ. ഷൈൻ ഭാസ്കരനാണ് ഇപ്പോൾ ആശുപത്രിയുടെ മേൽനോട്ടം. ആലുവ കരുമാല്ലൂർ പബ്ലിക്ക് ഹെൽത്ത് സെന്ററിലെ ഡോ. ബിബിത വിശ്വം ആണ് മരുമകൾ. പേരക്കുട്ടിയായ അങ്കിത് ഷൈൻ മെഡിയ്ക്കൽ വിദ്യാർത്ഥിയാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരമർപ്പിയ്ക്കാൻ ഡോക്ടറുടെ വീട്ടിലെത്തി.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പെരുമ്പാവൂരിലെ വീട്ടുവളപ്പിൽ നടക്കും.