ന്യൂഡൽഹി: നുണ പരിശോധനയ്ക്കു തയാറാണെന്ന് ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരും പരിശോധനയ്ക്കു വിധേയമാകണമെന്നും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു ബിജെപി എംപിയുടെ വെല്ലുവിളി.
“നുണ പരിശോധനയ്ക്കായി നാർക്കോ ടെസ്റ്റിനും പോളിഗ്രാഫി ടെസ്റ്റിനും തയാറാണ്. പക്ഷേ എന്നോടൊപ്പം വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും ഈ പരിശോധനകൾക്ക് വിധേയരാകണം. രണ്ടു ഗുസ്തിക്കാരും ടെസ്റ്റിന് തയാറാണെങ്കിൽ, മാധ്യമങ്ങളെ അറിയിക്കുക. താനും ഇതിന് തയാര്‍.”- ബ്രിജ്ഭൂഷൺ ശരൺ സിങ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിച്ചാൽ തൂങ്ങിമരിക്കുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നു. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഗുസ്തി താരങ്ങൾ ഒഴികെ ആരോടെങ്കിലും ചോദിക്കാനും ബ്രിജ് ഭൂഷൺ പറഞ്ഞു.
ഞായറാഴ്ച ഹരിയാനയിലെ മെഹമിൽ നടന്ന ഖാപ് പഞ്ചായത്ത് യോഗം ബ്രിജ്ഭൂഷൺ നാർക്കോ ടെസ്റ്റിന് വിധേയനാണെന്നും നിയമനടപടി നേരിടണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പിന്നാലെയാണ് നുണപരിശോധനയ്ക്ക് തയാറാണെന്ന് സിങ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം, ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് ഹരിയാനയിൽനിന്നുള്ള കർഷകർ പിന്തുണ അറിയിച്ചു.
ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിൽ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ പുതിയ സരമമുഖം തുറന്നിരിക്കുന്നത്.
ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ പതിനഞ്ച് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് താരങ്ങള്‍ അന്ത്യശാസനം നല്‍കിയിരുന്നു. നല്കിയ സമയം ഞായറാഴ്ചയോടെ അവസാനിച്ചതോടെയാണ് പുതിയ സമരം പ്രഖ്യാപിച്ചത്.
















