ന്യൂഡൽഹി : 2000 രൂപയുടെ നോട്ടുമാറാൻ പ്രത്യേക ഫോം ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. തിരിച്ചറിയിൽ രേഖയും നൽകേണ്ടതില്ല. മേയ് 23 മുതൽ നോട്ടുകൾ മാറ്റി വാങ്ങാം. 20,000 രൂപ വരെ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേ സമയം മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം.
കഴിഞ്ഞദിവസമാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് പിന്‍വലിച്ചത്. നിലവില്‍ നോട്ടിന് നിയമപ്രാബല്യം ഉണ്ടാവുമെന്ന് പറഞ്ഞ റിസര്‍വ് ബാങ്ക് സെപ്റ്റംബര്‍ 30നകം ബാങ്ക് ശാഖകളില്‍ നിന്നും റിസര്‍വ് ബാങ്ക് റീജിണല്‍ ഓഫീസുകളില്‍ നിന്നും നോട്ട് മാറ്റിയെടുക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് നോട്ടുമാറുന്നതിനുള്ള ക്രമീകരണം ബാങ്കുകളില്‍ ഒരുക്കുന്നത്. ഇതിന് പിന്നാലെയാണ് നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന അറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയത്.
ആർബിഐയുടെ 19 പ്രാദേശിക ഓഫിസുകളിലും മറ്റു ബാങ്കുകളിലും മേയ് 23 മുതൽ 2000 രൂപ മാറ്റിവാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യാം. നോട്ട് മാറ്റിവാങ്ങുന്നതിന് ബാങ്കിന്റെ ഉപഭോക്താവാകണമെന്നില്ല. ഏത് ബാങ്ക് ശാഖയിലും മാറ്റിവാങ്ങാം. നോട്ടുകൾ മാറ്റിവാങ്ങാൻ ഫീസൊന്നും നൽകേണ്ടതില്ലെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു. നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.