കീവ് : യുക്രെയ്ന്റെ കിഴക്കൻ പട്ടണമായ ബാഖ്മുത് കനത്ത പോരാട്ടത്തിൽ പിടിച്ചെടുത്തതായി റഷ്യയുടെ അവകാശവാദം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സ്വകാര്യ ആർമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഗ്നർ ഗ്രൂപ്പാണ് പട്ടണം പിടിച്ചെടുത്തത്. വാഗ്നർ മേധാവി യെവ്ഗെനി പ്രിഗോഷി റഷ്യൻ പതാകയുമേന്തി സേനയോടൊപ്പം ബാഖ്മുതിൽ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. നഗരം പിടിച്ചെടുത്ത സേനയെ പുട്ടിൻ അഭിനന്ദിച്ചു.
ബാഖ്മുത് നഗരം റഷ്യ പിടിച്ചെടുത്തെന്ന അവകാശവാദം യുക്രെയ്ൻ അംഗീകരിച്ചിട്ടില്ല. ബാഖ്മുതിനായി പോരാട്ടം തുടരുകയാണെന്നും യുക്രെയ്ൻ പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഹിരോഷിമയിൽ ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഉൾപ്പെടെ വിവിധ നേതാക്കളെ കാണുന്നതിനിടെയാണ് റഷ്യയുടെ അവകാശവാദം.
റഷ്യയുടെ സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ സജീവസാന്നിധ്യമാണ്. ഏറെനാളായി ബാഖ്മുതിനായി റഷ്യ പോരാട്ടത്തിലാണ്. ഈ പോരാട്ടം കനത്ത നാശനഷ്മമാണ് ഉണ്ടാക്കിയത്. യുദ്ധം ആരംഭിക്കുന്നതിനുമുൻപ് ബാഖ്മുതിൽ 80,000ൽ പരം ജനങ്ങൾ താമസിച്ചിരുന്നു. നിലവിൽ ആരും അവിടെ താമസമില്ല.