ടെഹ്റാൻ ∙ മതപൊലീസിന്റെ കസ്റ്റഡിയിൽ മഹ്സ അമിനി (22) മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്ത മൂന്നു യുവാക്കളെ തൂക്കിലേറ്റി ഇറാൻ. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ തൂക്കിക്കൊന്നത്. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാനിൽ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം ഏഴായി.
‘ദൈവത്തിനെതിരായ യുദ്ധത്തിൽ’ പങ്കെടുത്തെന്ന കുറ്റത്തിനാണു മാജിദ് കസേമി, സാലാ മിർഹഷമി, സയീദ് യഗൗബി എന്നിവരെ ഭരണകൂടം വധിച്ചത്. കഴിഞ്ഞ നവംബർ 16ന് ഇസ്ഫഹാനിലെ പ്രതിഷേധത്തിനിടെ മൂന്നു സുരക്ഷാ ജീവനക്കാരെ ഇവർ വെടിവച്ചു കൊലപ്പെടുത്തിയെന്നു മിസാൻ ഓൺലൈൻ ന്യൂസ് വെബ്സൈറ്റിൽ പറയുന്നു. നവംബറിൽ അറസ്റ്റിലായ ഇവർക്കെതിരെ ജനുവരിയിലാണു വിധിയുണ്ടായത്.
ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി, കഴിഞ്ഞ സെപ്റ്റംബർ 16ന് ആണ് മരിച്ചത്. സംഭവത്തെ തുടർന്നു രാജ്യത്തും പുറത്തും വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മഹ്സ അമിനിയുടെ
40–ാം ചരമദിനം ആചരിക്കാൻ കുർദ് പട്ടണമായ സാക്വസിലെ അവരുടെ കബറിൽ തടിച്ചുകൂടിയ പതിനായിരത്തോളം പേർക്കെതിരെ പൊലീസ് വെടിവച്ചതിൽ പാശ്ചാത്യ രാജ്യങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി.
‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകളാണു രോഷം പ്രകടമാക്കിയത്. പലയിടത്തും പ്രക്ഷോഭകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. നൂറുകണക്കിനു പേരാണു കൊല്ലപ്പെട്ടത്.