2000 രൂപയുടെ നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി കെഎന്‍ബാലഗോപാല്‍ രംഗത്ത്.ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണിത്.കേന്ദ്ര സർക്കാർ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനം.സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന തീരുമാനം.പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ഇത്തരം കാര്യങ്ങൾ,വിശദ പഠനം ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു.രാജ്യത്തെ പൗരന്മാര്ക്ക് വിശ്വസിച്ച് നോട്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കുന്നതാണ് തീരുമാനം. രാജ്യത്തെ സാമ്പത്തികരംഗത്തെ തീരുമാനങ്ങൾ സ്ഥിരതയില്ലാത്തതും തോന്നുന്ന മാനസിക വ്യാപാരങ്ങൾക്ക് അനുസരിച്ച് നിശ്ചയിക്കപ്പെടുന്നതുമായി മാറി. എപ്പോഴാണ് കയ്യിലുള്ള ഏത് നോട്ടുകളും അസാധുവാക്കുന്നത് എന്നറിയാൻ പറ്റാത്ത, ആശങ്കയുടെ മുൾമുനയിൽ നിര്‍ത്തുന്ന സാമ്പത്തിക നയമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2016ൽ അഞ്ഞൂറ് ആയിരം രൂപ നോട്ടുകൾ നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രണ്ടായിരം രൂപ നോട്ടുകൾ അച്ചടിച്ചു തുടങ്ങിയത്. 500 രൂപാ നോട്ടിനു പകരം പുതിയ 500ന്റെ നോട്ടുകൾ പിന്നീട് പുറത്തിറക്കി. 500ൻറെ നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ 2018ൽ 2000 രൂപ നോട്ട് അച്ചടിക്കുന്നത് നിർത്തിയിരുന്നു. രണ്ടായിരത്തിൻറെ നോട്ടുകൾ പൂർണ്ണമായും പിൻവലിക്കുന്നതായാണ് ആർബിഐ വാർത്താകുറിപ്പിലൂടെ അറിയിച്ചത്. ഇപ്പോൾ കൈവശമുള്ള രണ്ടായിരത്തിൻറെ നോട്ടുകൾ തല്ക്കാലം മൂല്യമുണ്ടാകും. ഇത് കൈമാറ്റം ചെയ്യുന്നതിനും തടസ്സമില്ല.
എന്നാൽ നോട്ടുകൾ 2023 സെപ്റ്റംബർ 30നകം ബാങ്കുകളിൽ മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകൾ വരെ ഒരേസമയം ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ഉള്ള സംവിധാനമാണ് ക്രമീകരിക്കുക. പഴയ നോട്ടുകൾ പിൻവലിക്കുന്ന ക്ലീൻ നോട്ട് നയത്തിൻറെ ഭാഗമാണിതെന്ന് ആർബിഐ വിശദീകരിച്ചു ആകെ മൂന്നു ലക്ഷത്തി അറുപത്തി രണ്ടായിരം കോടിയുടെ നോട്ടുകളാണ് നിലവിൽ ജനങ്ങളുടെ പക്കലുള്ളത്. ഇത് പത്തു ശതമാനം മാത്രമാണെന്നിരിക്കെ ജനങ്ങളെ ബാധിക്കില്ല എന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ.