ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും മലയാളിയുമായ കെവി വിശ്വനാഥനും ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാവിലെ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ പതിനാറിനാണ് ഇരുവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ കൊളീജിയം കേന്ദ്ര സര്‍ക്കാരിനു നല്‍കിയത്. മൂന്നു ദിവസത്തിനകം ശുപാര്‍ശ അംഗീകരിച്ച് വിജ്ഞാപനം ഇറങ്ങി. നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരണ്‍ റിജിജുവിനെ നീക്കിയതിനു പിന്നാലെയാണ് നിയമന ഉത്തരവ് ഇറങ്ങിയത്. നേരത്തെ കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനം വൈകുന്നുവെന്ന പേരില്‍ സുപ്രീം കോടതി തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
രണ്ടു ജഡ്ജിമാര്‍ കൂടി സ്ഥാനമേറ്റതോടെ സുപ്രീം കോടതിയിലെ അംഗസംഖ്യ പരമാവധി അംഗബലമായ 34ല്‍ എത്തി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എംആര്‍ ഷാ എന്നിവര്‍ വിരമിച്ചതായി അംഗസംഖ്യ 32ലേക്കു ചുരുങ്ങിയിരുന്നു.
ബാറില്‍നിന്ന് സുപ്രീം കോടതി ജഡ്ജിയായി നേരിട്ടു നിയമിതനാവുന്ന പത്താമത്തെയാളാണ്, പാലക്കാട് കല്‍പ്പാത്തി സ്വദേശിയാ കെവി വിശ്വനാഥന്.