കണ്ണൂർ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത വനിതാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് അംഗം ഷീബ ദിവാകരനെതിരെയാണ് കയ്യേറ്റം നടന്നത്. സിപിഎം അംഗമായ ഇവർക്ക് നേരെ സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് കയ്യേറ്റവും ഭീഷണിയും നടന്നത്.
സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുളള സംഘം പാർട്ടിയുടെ ജനപ്രതിനിധായ അംഗത്തെ കയ്യേറ്റം ചെയ്തിട്ടും കണ്ടില്ലെന്ന നിലപാടിലാണ് സിപിഎം. സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലന്നാണ് സിപിഎമ്മിന്‍റെ പ്രതികരണം.
സംഭവത്തിൽ പാർട്ടിക്കും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലന്ന് ഷീബ പറഞ്ഞു. തനിക്കായി സാക്ഷി പറഞ്ഞ പാർട്ടി അംഗത്തെ സസ്പെൻഡ് ചെയ്തെന്നും ഭർത്താവിനെ കളളക്കേസിൽ കുടുക്കി ജയിലിലടച്ചെന്നും ഷീബ നൽകിയ പരാതിയിൽ പറയുന്നു.
തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഷീബയുടെ ഭർത്താവ് ദിവാകരൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് നടപടിയെടുക്കാത്തതിന് പിന്നിലും സിപിഎം ആണെന്നാണ് ആരോപണം. എന്നാൽ പാർട്ടിയുമായി വിഷയത്തിന് ബന്ധമില്ലെന്ന നിലപാടിലാണ് സിപിഎം.
















