ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിക്ക് തമിഴ്നാട്ടില്‍ നിരോധനമുണ്ടെന്ന ആരോപണം തള്ളി തമിഴ്നാട് സര്‍ക്കാര്‍. സിനിമ നിരോധിച്ചിട്ടില്ലെന്നും ചിത്രം കാണാൻ ആളുകൾ ഇല്ലാത്തതിനാൽ തീയറ്ററുകൾ തന്നെ സിനിമ ഒഴിവാക്കിയതാണെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മോശം പ്രകടനം കാരണം ആളില്ലാത്തത് കൊണ്ട് തീയേറ്റര്‍ ഉടമകള്‍ തങ്ങൾക്ക് നഷ്ടം വരാതിരിക്കാൻ ചിത്രം ഒഴിവാക്കിയതാണെന്നാണ് സർക്കാരിന്റെ വിശദീകരണം.
കേരള സ്റ്റോറിയുടെ പ്രദര്‍ശനം തമിഴ്നാട് സര്‍ക്കാര്‍ തടഞ്ഞെന്ന ആരോപണത്തില്‍ എതിര് സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. ചിത്രം നിരോധിച്ചെന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ നല്കിയ ഹര്‍ജിയില്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടി ആയാണ് ആരോപണം തള്ളി തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തീയേറ്റര്‍ ഉടമകളുടെ തീരുമാനത്തില്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ലെന്നും, സിനിമയ്ക്ക് വേണ്ടി കോടതി നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
‘തമിഴ്നാട്ടിലെ 19 മള്‍ട്ടിപ്ലെക്സുകളിലാണ് ദ കേരള സ്റ്റോറി മെയ് അഞ്ചിന് റിലീസ് ആയത്. ചിത്രത്തിന് ഒരു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ഭരണഘടനയുടെ അനുച്ഛേദം 19(1) എ പ്രകാരം ഉറപ്പുനല്‍കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സംസ്ഥാനം എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന അഭിനേതാക്കളുടെ അഭാവം, മോശം പ്രകടനം, പ്രേക്ഷകരുടെ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ മെയ് അഞ്ചോടെ തന്നെ മള്‍ട്ടിപ്ലെക്സുകളുടെ ഉടമകള്‍ ചിത്രം സ്വയം പിന്‍വലിക്കുകയാണ് ഉണ്ടായത്’, സത്യവാങ്മൂലത്തില്‍ പറയുന്നു.