ചെന്നൈ: തമിഴ്നാട് തലസ്ഥാനമായ ചെന്നൈയിലെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളായ പൊന്നിയിൻ സെൽവൻ 1, 2 എന്നിവ നിർമ്മിച്ച LYCA പ്രൊഡക്ഷൻസിന്റെ സ്ഥാപനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. പ്രൊഡക്ഷൻ ഹൗസിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തലസ്ഥാന നഗരത്തിലെ എട്ടോളം സ്ഥലങ്ങളിൽ പരിശോധന നടക്കുകയാണ്.
അനധികൃത പണമിടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം നടക്കുന്നതെന്നാണ് റിപ്പോർട്ട്.
ലൈകയുടെ നിർമാണത്തിലൊരുങ്ങിയ പൊന്നിയിൻ സെൽവൻ ഒന്നും രണ്ടും ഭാഗങ്ങൾക്ക് വലിയ കളക്ഷൻസ് ലഭിച്ചിരുന്നു.
ഇതിനോടനുബന്ധിച്ച് അനധികൃത പണപിടപാട് നടത്തിയെന്നാണ് പരാതി. ഓഫീസുകളിൽ നിന്നും ഇത് സംബന്ധിച്ച് എന്തൊക്കെ തെളിവുകൾ ലഭിച്ചു എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
2014ൽ വിജയ് നായകനായ കത്തി എന്ന ചിത്രത്തിലൂടെയാണ് ലൈക നിർമാണ രംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് കൊലമാവ് കോകില, വടചെന്നൈ, 2.0, ഡോൺ, വിക്രം മുതലായ ഹിറ്റുകൾ ലൈകയുടെ നിർമാണത്തിൽ പുറത്ത് വന്നിരുന്നു.
കമൽ ഹാസന്റെ ഇന്ത്യൻ 2, രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രം ചെദ്ദാർ 171, മകൾ ഐശ്വര്യയുടെ ലാൽ സലാം തുടങ്ങിയ ചിത്രങ്ങളും ലൈകയാണ് നിർമിക്കുന്നത്.
കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് ഇഡി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
മൂന്ന് മാസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലെ വിവിധ നിർമാതാക്കളുടെ നാല്പതോളം ഓഫീസുകളിൽ റെയ്ഡ് നടന്നിരുന്നു. അന്ന് കള്ള പണമിടപാടുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ പിടിച്ചെടുത്തിരുന്നു.
ഇന്ത്യൻ സിനിമയിൽ തന്നെ കഴിഞ്ഞ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പൊന്നിയിൽ ശെൽവൻ 1. 492 കോടി ആയിരുന്നു ചിത്രത്തിൻറെ ലൈഫ് ടൈം ഗ്രോസ്.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങൾ ഒരുമിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച വിജയം നേടി പ്രദർശനം തുടരുന്ന വേളയിലാണ് നിർമ്മാണ കമ്പനിയിലെ പരിശോധന.