പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട് സ്വദേശിയായ നാരായണന് എന്നയാള്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെന്നൈ സ്വദേശിയായ നാരായണന് മുമ്പ് ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. വനത്തില്‍ അതിക്രമിച്ചു കയറിയതിന് വനംവകുപ്പ് ഇയാള്‍ക്കെതിര കേസെടുത്തു. പൊന്നമ്പലമേട്ടില്‍ ഇത്തരത്തില്‍ അനധികൃത പൂജ നടന്നിട്ടുണ്ടെങ്കില്‍ പ്രതിഷേധാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നല്‍കുമെന്നും അനന്തഗോപന്‍ അറിയിച്ചു.
വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ്. മകരവിളക്ക് തെളിക്കുന്ന തറയില്‍ വച്ചാണ് ഇയാള്‍ പൂജ ചെയ്തത്. പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
എന്നാല്‍ എപ്പോഴാണ് പൂജ നടത്തിയതെന്നോ വീഡിയോ ചിത്രീകരിച്ചതാരാണെന്നോ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ദേവസ്വം ബോര്‍ഡിന്റെ അടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. ഏകദ്ദേശം ഒരു മാസങ്ങള്‍ക്കു മുമ്പാണ് പൂജ നടന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിഗമനം. നാരായണന് മുമ്പ് പല തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. മുമ്പ് ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ഇയാളെ മോശം പ്രവൃത്തിയുടെ പേരില്‍ ഒഴിവാക്കുകയായിരുന്നുവെന്നും അനന്തഗോപന്‍ പറഞ്ഞു.
പൊന്നമ്പലമേട്ടില്‍ അനധികൃതമായി പ്രവേശിക്കാന്‍ പാടില്ല. എന്നാല്‍ ഇവിടെ പ്രവേശിച്ച് പൂജ നടത്തിയിട്ടുണ്ടെങ്കില്‍ വനംവകുപ്പിന്റെ അനാസ്ഥയായാണ് കാണുന്നതെന്നും അനന്തഗോപന്‍ പറഞ്ഞു. പൊന്നമ്പലമേട് ഭക്തരെ സംബന്ധിച്ച് പവിത്രമായ സ്ഥലമാണ്. ഇവിടെ അനധികൃതമായി പ്രവേശിക്കുന്നത് വിശ്വാസികള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നതാണ്. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. സംഭവത്തില്‍ വനംവകുപ്പ് കര്‍ശനമായ നടപടി സ്വീകരിക്കണം. ബോധപൂര്‍വ്വമാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.