ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’-ന് ബോക്സോഫീസിൽ ചരിത്ര നേട്ടം. റിലീസ് ചെയ്ത് 10 ദിനങ്ങൾ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി. ഏറ്റവും വേഗത്തിൽ ആഗോളതലത്തിൽ 100 കോടി കളക്ഷൻ നേടുന്ന മലയാള ചിത്രമായി ‘2018’ മാറിയിരിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ജൂഡ് ചിത്രം മറികടന്നിരിക്കുന്നത്. റിലീസ് ചെയ്ത് ഒൻപതാം ദിനത്തിൽ മാത്രം അഞ്ച് കോടി 18 ലക്ഷമാണ് ചിത്രത്തിന്റെ കളക്ഷൻ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി നടനും സംവിധായകവനും നിർമ്മാതാവുമായ ജൂഡ് ആന്തണി ജോസഫ് സംവിധാനം നിർവ്വഹിച്ച ‘2018 – Everyone Is A Hero’ മെയ് അഞ്ചിനാണ് തിയേറ്ററുകളിൽ എത്തിയത്.