പാലക്കാട് : തെക്ക് പടിഞ്ഞാറൻ മൺസൂൺ ഇത്തവണ സാധാരണപോലെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച “മോഖ’ നേരത്തേ ആശങ്ക സൃഷ്ടിച്ചിരുന്നു. മൺസൂൺ വരുന്ന സമയത്ത് ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അത് കാലാവസ്ഥയെ ബാധിക്കുക പതിവാണ്. എന്നാൽ “മോഖ’ ഇപ്പോൾ ദുർബലമായതോടെ തെക്ക് പടിഞ്ഞാറൻ മൺസൂണിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ചുഴലിക്കാറ്റ് തിരിച്ചുവരികയാണെങ്കിൽ മൺസൂണിന്റെ വരവിനെ ബാധിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഈ മാസം 22 ഓടെ മൺസൂൺ ആൻഡമാൻ നിക്കോബർ ദ്വീപുകളിലെത്തുകയും തുടർന്ന് ജൂൺ ആരംഭത്തിൽ തന്നെ മഴ ലഭിക്കാനുമുള്ള സാധ്യതയാണ് തെളിയുന്നത്. ജൂൺ അഞ്ചിനുള്ളിൽ കാലവർഷം ശക്തിപ്രാപിക്കും. മധ്യ പസഫിക്കിലെ ചൂട് കൂടുന്നതിന്റെ ചാക്രിക പ്രതിഭാസമായ “എൽനിനോ’യുടെ ശക്തി കുറയുന്നതിനാൽ കേരളത്തിന് ഈ വർഷം ലഭിക്കേണ്ട സാധാരണ മഴ ലഭിക്കും.