തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്ന് മുതൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലുള്ള വൈദ്യുതി താരിഫിന് ജൂൺ 30 വരെയാണ് കാലാവധി. തുടർന്ന് ജൂൺ പകുതിയോടെ പുതിയ നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത. പ്രഖ്യാപനം ഉണ്ടായാൽ പുതുക്കിയ നിരക്ക് ജൂലൈ ഒന്ന് മുതലാകും പ്രാബല്യത്തിൽ വരിക. ഇതിനായുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പ് പൂര്‍ത്തിയായി.അതേസമയം, വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗാര്‍ഹിക ഉപഭോക്താക്കളുടെ സംഘടനയായ ഡിഇസിഎ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് കൂടുതല്‍ വിലകൊടുത്ത് പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ അമിതഭാരം ഗാര്‍ഹിക ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ഡൊമസ്റ്റിക് ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ആദ്യ രണ്ടു വർഷം 15 മുതൽ 20 പൈസവരെയും അടുത്ത വർഷം അഞ്ച് പൈസയും യൂണിറ്റിന് വർധിപ്പിക്കണമെന്നതാണ് കെഎസ്ഇബിയുടെ ആവശ്യം. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കാമെന്നും കെഎസ്ഇബി അറിയിച്ചു. എന്നാൽ അവസാന വർഷം നിരക്ക് വർധന കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ല.